Kerala
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം, മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും സൂചനയുണ്ട്.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ നടത്തണമെന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അപേക്ഷ അനുവദിക്കുന്ന കാര്യത്തിലായിരിക്കും കോടതി ആദ്യം വാദം കേൾക്കുക.
തനിക്കെതിരായ പീഡനാരോപണങ്ങളും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും കെട്ടിച്ചമച്ചതാണെന്നാണ് രാഹുലിന്റെ പ്രധാന വാദം. ഇത് തെളിയിക്കുന്നതിനായി അദ്ദേഹം ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ, രാഹുലിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. കേസിന്റെ ഭാഗമായി പാലക്കാടും തിരുവനന്തപുരത്തും പ്രത്യേക സംഘം വിശദമായ അന്വേഷണം പൂർത്തിയാക്കിയിരുന്നു