Kerala
പാലക്കാട് സൈബർ തട്ടിപ്പിന് ഇരയായ വീട്ടമ്മ തിരിച്ചെത്തി
പാലക്കാട്: സൈബര്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് കാണാതായ വീട്ടമ്മ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രേമ(62)യെ ആണ് ഈ മാസം 13ന് കാണാതായത്.
ഇന്നലെ രാത്രിയാണ് കടമ്പഴിപ്പുറം സ്വദേശിനി പ്രേമ വീട്ടിൽ തിരിച്ചെത്തിയത്. ഗുരുവായൂരിൽ നിന്നാണ് എത്തിയതെന്ന് പ്രേമ ബന്ധുക്കളോട് പറഞ്ഞു.
പ്രേമയ്ക്ക് 15 കോടി രൂപ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. 15 കോടി രൂപ സമ്മാനം ലഭിച്ചെന്നും അത് ലഭിക്കാന്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രേമ മൂന്ന് അക്കൗണ്ടുകളിലേക്കായി തുക കൈമാറിയത്. സെപ്തംബര്‍ 11നാണ് പണം നല്‍കിയത്. പിന്നീട് അഞ്ച് ലക്ഷം രൂപ കൂടി നല്‍കിയാലേ സമ്മാനം ലഭിക്കൂവെന്ന് അറിയിച്ചതോടെയാണ് തട്ടിപ്പാണെന്ന് പ്രേമയ്ക്ക് മനസ്സിലായത്. ഇതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് പ്രേമയെ കാണാതായത്.