Kerala
കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് ആന്റണി – ഉമ്മൻചാണ്ടി സർക്കാരുകൾ: പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന വി.എം. സുധീരന്റെ പ്രസ്താവന വസ്തുതകൾക്കു നിരക്കാത്തതും ചരിത്രവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെഅതിശക്തമായി വിമർശിക്കുന്നതിനിടയിലാണ് സുധീരനിൽ നിന്നും ഇങ്ങനെയൊരു പരാമർശം ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ മേഖലയ്ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു.
ഇതിനെ പിൻപറ്റി 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി – ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ അനുമതി നൽകിയത്.
സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സർക്കാർ ശ്രമിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കുന്നു.