India
ഒഡീഷയില്‍ മലയാളികളായ ക്രിസ്ത്യന്‍ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം
ന്യൂഡൽഹി: മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയില്‍ മലയാളികളായ ക്രിസ്ത്യന്‍ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം, മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം.
ബുധനാഴ്ച രാത്രി ജലേശ്വറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. രണ്ടുവര്‍ഷം മുന്‍പ് മരിച്ച ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനായാണ് രണ്ട് പുരോഹിതന്മാരും കന്യാസ്ത്രീകളും ഗ്രാമത്തിലെത്തിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എത്തിയ ഇവര്‍ രാത്രി എട്ടുമണിക്ക് ചടങ്ങുകളെല്ലാം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിനിരയായത്.
പുരോഹിതരെയും കന്യാസ്ത്രീകളെയും എഴുപതോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചെന്നും ആക്രമിച്ചെന്നുമാണ് പരാതി.
പുരോഹിതരുടെ ബൈക്ക് തള്ളിയിട്ട അക്രമികള്‍ ഇരുവരെയും മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയുംചെയ്തു. ഇവരുടെ മൊബൈല്‍ഫോണുകളും തട്ടിയെടുത്തു. അരമണിക്കൂറിന് ശേഷം പോലീസെത്തിയാണ് ഇവരെ രക്ഷിച്ചത്.