Kerala
സർക്കാർ അനുകൂല നിലപാട്; NSSൽ സുകുമാരൻ നായർക്കെതിരെ പടയൊരുക്കം
കൊച്ചി: സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻഎസ്എസിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പടയൊരുക്കം. സുകുമാരൻ നായർക്കെതിരെ കൊച്ചി കണയന്നൂർ എൻ എസ്എസ് കരയോഗം രംഗത്തുവന്നു.
സുകുമാരൻ നായരുടെത് വീണ്ടുവിചാരമില്ലാത്ത ഇടപെടലെന്ന് കരയോഗം ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. സുകുമാരൻ നായരുടെ പ്രസ്താവന പ്രതിഷേധാർഹമെന്ന് ചൂണ്ടിക്കാട്ടി കരയോഗം പ്രമേയം പാസാക്കി. അദ്ദേഹത്തിന്റേത് നിരുത്തരവാദപരമായ പ്രസ്താവനയെന്നാണ് ഭാരവാഹികളുടെ കുറ്റപ്പെടുത്തൽ.
പഴയ നിലപാടിൽനിന്നും സെക്രട്ടറി വ്യതിചലിച്ചു. ശബരിമലയിലെ വനിതാപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് എതിർപ്പ് പ്രകടിപ്പിച്ച ജനറൽ സെക്രട്ടറി നിലപാട് മാറ്റി. സ്ത്രീപ്രവേശനത്തിനെതിരെ നാമജപയാത്ര നടത്തിയവരാണ് തങ്ങളെന്നും കരയോഗം ഭാരവാഹികൾ പറഞ്ഞു. സുകുമാരൻ നായർ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ് അല്ലാതെ എൻഎസ്എസിന്റേതല്ല.
സമരത്തിൽ പങ്കെടുത്തതിന് കേസ് ചുമത്തപ്പെട്ടവരുണ്ട്. ആ കേസുകളെല്ലാ പിൻവലിക്കണം. ഏതെങ്കിലും രീതിയിൽ സർക്കാരുമായി എന്തെങ്കിലും ധാരണകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടണം. കരയോഗങ്ങളെ അറിയിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.