Kerala
നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ഡൽഹി : യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് മേഖലയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി നിരന്തരം ഇടപെടുന്നുണ്ടെന്നും ഗള്‍ഫ് മേഖലയിലെ സ്വാധീനശക്തിയുള്ള ഷേഖുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വഴി പരമാവധി പരിശ്രമം നടത്തുന്നുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. അതിനാൽ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും നിര്‍ഭാഗ്യകരമായ സാഹചര്യമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വിശദീകരിച്ചു.
സെന്‍സിറ്റീവ് ആയ രാജ്യമാണ് യെമന്‍. അതിനാൽ ഹൂതി നിയന്ത്രണത്തിലുള്ള മേഖലയുമായി നയതന്ത്രബന്ധം ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ബ്ലഡ് മണി സ്വാകാര്യമായ ഇടപാടാണെന്നും നയതന്ത്രത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സര്‍ക്കാർ വിശദീകരിച്ചു. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനുള്ള ബ്ലഡ് മണി നല്‍കുന്നതിന് തയ്യാറാണെന്നും സാധ്യമായ എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് ചര്‍ച്ച നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ലഭിച്ചെങ്കിലും ഹര്‍ജി തീര്‍പ്പാക്കരുതെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഹര്‍ജി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.