Kerala
അനന്തുവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുത്: സമൂഹം രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കണമെന്ന് എം സ്വരാജ്
മലപ്പുറം: വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്.
ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന് കഴിയുമെന്നും എം സ്വരാജ് പറഞ്ഞു.
എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അന്ന് ഇതാരും രാഷ്ട്രീയവത്കരിച്ചിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു. രാഷ്ട്രീയവത്കരിക്കാനുളള നീക്കം നടന്നത് നിലമ്പൂരിന് പുറത്തുളള ചില നേതാക്കന്മാരുടെ നേതൃത്വത്തിലാണ്.
അവരാണ് ആശുപത്രിയിലേക്കുളള വഴി തടഞ്ഞത്. വൈകിയാണെങ്കിലും അവര്‍ക്കത് ബോധ്യമായിട്ടുണ്ടാവുമെന്നും ഇനി അവര്‍ അത് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.