Kerala
വായ്പ വേണേൽ വെപ്പാട്ടിയാവണം; കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്കിളിന്റെ അതിക്രമങ്ങൾ വിവരിച്ച് വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പ്
നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. വായ്പ വാഗ്ദാനം ചെയ്ത് ഡിസിസി നേതാവും കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, മാനസികമായി ഉപദ്രവിച്ചെന്നും വീട്ടമ്മ ആത്മഹത്യാ കുറിപ്പിൽ വെളിപ്പെടുത്തുന്നു.
മകനു വേണ്ടി എഴുതിയ കത്തിലാണ്, കോൺഗ്രസ് നേതാവിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ വീട്ടമ്മ ഉന്നയിക്കുന്നത്. “ജോസ് ഫ്രാങ്ക്ളിൻ എന്നെ ജീവിക്കാൻ അനുവദിക്കില്ല, ഞാൻ അവൻ്റെ വെപ്പാട്ടി ആകണം എന്ന് പറഞ്ഞു. കടം തീർക്കാൻ സബ്‌സിഡിയറി ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം ജോസ് ഫ്രാങ്ക്ളിൻ തന്നെ കൈ പിടിച്ചു കടന്നുപിടിച്ചെന്നും സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നും” വീട്ടമ്മ കത്തിൽ പറയുന്നു.
വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്‌ചയിലൊരിക്കൽ എവിടെയെങ്കിലും വച്ച് കാണണമെന്നും പറഞ്ഞു, എൻ്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ പിടിച്ചു, അവന്റെ സ്വകാര്യഭാഗത്തൊക്കെ എൻ്റെ കൈ പിടിച്ചുവച്ചു, ലോണിന്റെ കാര്യമായതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
അവൻ വിളിക്കുമ്പോൾ അതുകൊണ്ടാണ് ഞാൻ നിന്നെ കൊണ്ടുപോകാത്തത്, ഒരു കൗൺസിലർ എന്ന നിലയിൽ ആവശ്യങ്ങൾക്ക് പോയാൽ ഇങ്ങനെയാണ്, ഭർത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ, എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട.. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല, ഞാൻ പോകുന്നു” എന്നിങ്ങനെ തുടങ്ങി വളരെ ഗുരുതരമായ കാര്യങ്ങളാണ് വീട്ടമ്മ ജോസ് ഫ്രാങ്ക്ളിനെതിരേ ഉന്നയിച്ചിരിക്കുന്നത്.