പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്; പകരം രാമക്ഷേത്രവും രാമജന്മഭൂമി മൂവ്‌മെന്റും - Kottayam Media

Education

പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്; പകരം രാമക്ഷേത്രവും രാമജന്മഭൂമി മൂവ്‌മെന്റും

Posted on

ന്യൂഡല്‍ഹി: ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നുള്ള 2019 ലെ സുപ്രീംകോടതി വിധിയും, രാമജന്മഭൂമി പ്രസ്ഥാനവുമാണ് പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരുമാസത്തിനുള്ളില്‍ പുതുക്കിയ പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് വെട്ടലും കൂട്ടിച്ചേര്‍ക്കലും നടത്തിയിരിക്കുന്നത്. പുതുക്കിയ പാഠപുസ്തകത്തിന്റെ കരട് സിബിഎസ്‌ഇക്ക് കൈമാറി.

2006-07 ല്‍ പുറത്തിറക്കിയ ‘പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡ്ന്റ്’ എന്ന പാഠഭാഗം എട്ടിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച അഞ്ച് പ്രധാന രാഷ്ട്രീയ നീക്കങ്ങളില്‍ ഒന്നായിട്ടായിരുന്നു അയോധ്യ മൂവ്‌മെന്റിനെ പാഠഭാഗത്തില്‍ പരാമര്‍ശിച്ചിരുന്നത്. 1989 ലെ പരാജയത്തിന് ശേഷം കോണ്‍ഗ്രസിന് സംഭവിച്ച പതനം, 1990 ലെ മണ്ഡല്‍ കമ്മീഷന്‍, 1991 മുതലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍, 1991 ലെ രാജീവ് ഗാന്ധി വധം എന്നിവയായിരുന്നു മറ്റ് നാല് സംഭവങ്ങള്‍.

ഒറിജിനല്‍ പാഠഭാഗത്ത് നാല് പേജുകളിലായി (148-151) അയോധ്യ സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതേസമയം രാമക്ഷേത്രവും രാമ ജന്മഭൂമി പ്രസ്ഥാനവും ഉള്‍പ്പെടുത്തി പുതിയ സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്നാണ് എന്‍സിഇആര്‍ടി വിശദീകരണം. ഏഴുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ചരിത്രം, സോഷ്യോളജി പാഠപുസ്തകത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ഉത്ഭവം, ആര്യന്മാരുടെ കുടിയേറ്റം, ബിര്‍സാ മുണ്ടയുമായി ബന്ധപ്പെട്ട ചരിത്രം, നായനാര്‍മാരുടെ ചരിത്രം എന്നിവ പരാമര്‍ശിക്കുന്ന പാഠഭാഗങ്ങളിലാണ് വെട്ടിമാറ്റല്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version