Kerala
‘രക്ഷാപ്രവർത്തന’ക്കേസ്; മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രതികള്‍ക്ക് നോട്ടീസ്
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് നോട്ടീസ്.
മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീലിലാണ് നോട്ടീസ്. പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ മാസം 27ന് മറുപടി നല്‍കണം. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടിയിരുന്നു.
ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ വിധി പറഞ്ഞത്. പിണറായി വിജയന്റെ ഗണ്‍മാനായിരുന്ന അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായ എസ് സന്ദീപ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവരാണ് കേസിലെ അഞ്ച് പ്രതികള്‍. ആലപ്പുഴ എംഎല്‍എ എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്.
കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും ജൂണ്‍ ഒന്‍പതിന് ആലപ്പുഴ ജില്ല സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വേണ്ടത് തെളിവ് കണ്ടെത്താന്‍ ആണെന്ന പ്രോസിക്യൂഷന്‍ വാദവും സാക്ഷികളെ സ്വാധീനിക്കുമെന്നുള്ള വാദങ്ങള്‍ തള്ളിയായിരുന്നു കോടതിയുടെ നടപടി.
സര്‍ക്കാര്‍ സ്വാധീനത്തോടെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം ശരിയല്ലെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു അതിനുള്ള സാധ്യതയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.