Kerala
നവകേരള ബസ് വാടകയ്ക്കെടുത്താലും മുഖ്യമന്ത്രി ഇരുന്ന സീറ്റിൽ ഇരിക്കാൻ പൊതുജനത്തിനാകില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് പൊളിച്ച് പണിയുന്നു. വിനോദസഞ്ചാരയാത്രകൾക്ക് ഉപയോഗിക്കാനായാണ് ബസിൽ രൂപമാറ്റം വരുത്തുന്നത്. മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി കസേരയും ബസിലേക്ക് കയറാൻ സഹായിക്കുന്ന ലിഫ്റ്റും കല്ലേറിൽ തകരാത്ത വശങ്ങളിലെ ഗ്ലാസുകളും നീക്കംചെയ്യും. സാധാരണ കോൺട്രാക്ട് കാരേജായി ബസിനെ മാറ്റുമ്പോഴും ശൗചാലയം ബസിനുള്ളിൽ നിലനിർത്തും.
കെ.എസ്.ആർ.ടി.സി.യുടെ വിനോദസഞ്ചാരയാത്രകൾക്ക് ഉപയോഗിക്കാൻപാകത്തിലാണ് ബസിന് രൂപമാറ്റം വരുത്തുന്നത്. നവകേരളസദസ്സിന്റെ എറണാകുളം പര്യടനം അവസാനിച്ചശേഷമാണ് ബസ് ബെംഗളൂരുവിലെ ‘പ്രകാശ്’ കോച്ച് ബിൽഡേഴ്‌സിന് കൈമാറിയത്. ‘പ്രകാശി’ലാണ് ബസ് നിർമിച്ചത്. പ്രതിപക്ഷം ബസ് വാങ്ങലിനെതിരേ രംഗത്തിറങ്ങിയിരുന്നു. ബസ് കെ.എസ്.ആർ.ടി.സി.ക്ക് കൈമാറുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്യുന്നതോടെ മൂല്യം കൂടുന്ന ബസിനെ മ്യൂസിയമാക്കാമെന്ന നിർദേശം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും മുന്നോട്ടുവെച്ചിരുന്നു.