Kerala
ഉപജീവനത്തിനായി ചായവിൽപന; 7-ാം ക്ലാസുകാരനെ ഏറ്റെടുത്ത് നജീബ് കാന്തപുരം
പെരിന്തൽമണ്ണ: ഉപജീവനത്തിനായി പെരിന്തൽമണ്ണയിൽ ചായ വിറ്റിരുന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരനെ ഏറ്റെടുത്ത് നജീബ് കാന്തപുരം എംഎൽഎ.
പെരിന്തൽമണ്ണ ബോയ്സ് സ്കൂൾ വിദ്യാർത്ഥി ഉസൈനെയാണ് എംഎൽഎ നേരിട്ടെത്തി കണ്ട് സഹായം വാഗ്ദാനം ചെയ്തത്. മൂന്ന് വർഷത്തോളമായി ഉസൈനും കുടുംബവും കേരളത്തിലെത്തിയിട്ട്. കഴിഞ്ഞ നോമ്പുകാലത്ത് ഉപ്പ അപകടത്തിൽ മരിച്ചു. അസുഖ ബാധിതയായ ഉമ്മയുടെ ചികിത്സയ്ക്കായാണ് താൻ ചായ വിൽക്കാനിറങ്ങുന്നതെന്ന് ഉസൈൻ പറയുന്നു.
പെരിന്തൽമണ്ണ ടൗണിലൂടെ രാത്രി വൈകിയും ചായ വിറ്റു നടക്കുന്ന ഏഴാം ക്ലാസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് എംഎൽഎ നേരിട്ടെത്തി ഉസൈനെ കണ്ടത്. ചെറിയ സമയം കൊണ്ട് മലയാളം പഠിച്ചെടുത്ത അസമുകാരന് തിരിച്ചിനി നാട്ടിലേക്ക് പോകാൻ താൽപര്യമില്ലെന്നും എംഎൽഎയോട് പറഞ്ഞു. എട്ട് മാസം മുമ്പ് സുഹൃത്തിന്റെ കുട്ടിക്ക് സുഖമില്ലാത്തതിനാൽ സഹായിക്കാനായി പോയപ്പോഴാണ് ഉസെെന്‍റെ കൂലിപ്പണിക്കാരനായ ഉപ്പ അപകടത്തിൽ മരിച്ചത്.
പിന്നീട് കുടുംബത്തിന്‍റെ ചുമതല ഉസൈൻ ഏറ്റെടുക്കുകയായിരുന്നു. സ്കൂളിൽ നിന്ന് വന്ന ഉടനെ ചായയുമായി പെരിന്തൽമണ്ണ ബൈപ്പാസിൽ ഇറങ്ങും.