India
മുംബൈയില്‍ ഭീകരാക്രമണ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍
നോയിഡ: ചാവേറുകളെ അടക്കം ഉപയോഗിച്ച് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തും എന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു.
ബിഹാര്‍ സ്വദേശി ആയ അശ്വിനി എന്നയാളെ ആണ് നോയിഡയില്‍ നിന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ അഞ്ച് വര്‍ഷമായി നോയിഡയിൽ ആണ് താമസിക്കുന്നത്. നോയിഡയിലെ സെക്ടര്‍-113ല്‍ വെച്ച് പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി.
വ്യാഴാഴ്ച മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്.
നഗരത്തില്‍ പലയിടത്തും വാഹനങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 400 കിലോഗ്രാം ആര്‍ഡിഎക്‌സ് ഉപയോഗിച്ചുള്ള വലിയൊരു ആക്രമണത്തില്‍ ഒരു കോടി ആളുകള്‍ കൊല്ലപ്പെടുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.