Kottayam

ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ

Posted on

പാലാ:-മീനച്ചിൽ താലൂക്കിന്റെ ഭാഗമായ പൂഞ്ഞാർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.ജെ സെബാസ്റ്യൻ എം.എൽ.എ ജനപ്രതിനിധികൾക്ക് വ്യത്യസ്ത മാതൃകയാകുന്നു. പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ തലപ്പുലം പഞ്ചായത്തിലെ താമസക്കാരനായ എം.ജെ സെബാസ്റ്റ്യനെ പാലാ മിനി സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ക്ഷണിച്ചപ്പോൾ തന്റെ പേര് ശിലാഫലകത്തിലും നോട്ടീസിലും ഉൾപ്പെടുത്തേണ്ടതില്ല എന്നറിയിച്ചു.

അതിൻ പ്രകാരം താലൂക്ക് അധികാരികൾ പ്രവർത്തിച്ചെങ്കിലും അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചതാകട്ടെ ഉദ്ഘാടനത്തിന്റെ തലേ ദിവസവും. എന്നിട്ടും നെല്ലിയാനിയിൽ നടന്ന സമ്മേളനത്തിൽ യാതൊരു പരിഭവമില്ലാതെ സംബന്ധിക്കുകയും ആശംസകളറിയിച്ച് പ്രസംഗിക്കുകയും ചെയ്തു. എന്നാൽ പ്രോട്ടോക്കോൾ പാലിച്ചില്ല എന്ന് ആക്ഷേപമുയർത്തി ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.

സ്ഥലം വാർഡ് മെമ്പർ മുതലുള്ള ജനപ്രതിനിധികളെ രാഷ്ട്രീയം നോക്കാതെ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് ക്ഷണിച്ചതെന്ന് റവന്യൂ അധികാരികൾ പറയുന്നു. കടനാട് പഞ്ചായത്തിലെ ഒരു ചെറിയ ഉദ്ഘാടന ശിലാഫലകത്തിൽ 32 പേരെ ഉൾക്കൊള്ളിച്ചിട്ടും പോര് തീരാത്തത് വലിയ വാർത്തയായിരുന്നു. എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ പേരിനും പെരുമയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയക്കളിയിൽ വ്യത്യസ്തനായി ജനപ്രതിനിധികൾക്ക് മാതൃകയാകുമ്പോൾ സദസ്സിലുള്ളവരേക്കാൾ കൂടുതൽ പേർ ആശംസക്കായി സ്റ്റേജിലിരിക്കുന്ന ഉദ്ഘാടന മാമാങ്കം അവസാനിപ്പിക്കണമെന്നാണ് പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version