Kerala
മലർന്ന് കിടന്ന് തുപ്പരുത്; കെ സി രാജഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെ കാലുവാരിയെന്ന മുതിർന്ന നേതാവും മുൻ എംഎൽഎയുമായ കെ സി രാജഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം രംഗത്ത്. ഏതൊരു സംഘടനക്കകത്തും, പുറത്തും കാലുവാരലും, ചതിയും, കുതികാൽ വെട്ടും,വഞ്ചനയും, അത്ര പുതിയ കാര്യമൊന്നുമല്ല. മലർന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുക. സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പാർട്ടിയിൽ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാർട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് വി എസ് അച്യുതാനന്ദൻ്റെ സമ്പൂർണ്ണ ആശിർവാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകൾ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരിൽ ഒരാൾ ഞാനും കൂടെയാണ്. അനർഹർക്ക് താൽക്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങൾ നൽകിയതിൻ്റെ അനന്തരഫലം കൂടിയാണ് താങ്കൾ നേരിടുന്നത്.