India
മണിപ്പൂരിൽ വീണ്ടും സംഘർഷം: നിരവധി വീടുകൾക്ക് തീയിട്ടു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. ബിജെപി സർക്കാർ അധിക്കാരത്തിലേറി ഒരാഴ്ച്ച പിന്നിടുമ്പോഴാണ് മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. നീണ്ട ഇടവേളക്ക് ശേഷം കുക്കി – നാഗാ സംഘർഷം രൂക്ഷമാകുന്നുവെന്നാണ് മണിപ്പൂരിൽ നിന്നുള്ള റിപ്പോർട്ട്. കുക്കി എംഎൽഎമാർ പുതിയ സർക്കാറിൻ്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം.
ഏറ്റവും ഒടുവിൽ ഉഖ്രുൽ മേഖലയിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിൽ പ്രദേശത്ത് നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കിയത്.
അതേസമയം കുക്കി – നാഗാ വിഭാഗങ്ങൾ വീണ്ടും അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് സർക്കാരും സുരക്ഷാസേനയും. കഴിഞ്ഞ ദിവസങ്ങൾ ചുരാചന്ദ്പൂരിൽ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെ കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു.