Kerala
ഇന്ത്യ- പാക് സംഘർഷം; യുദ്ധ ഭീകരത ഓർമ്മിപ്പിച്ച് സിപിഐഎം നേതാവ് എം സ്വരാജ്
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെയും പാകിസ്താന്റെ തിരിച്ചടികളുടെയും സാഹചര്യത്തിൽ യുദ്ധ ഭീകരത ഓർമ്മിപ്പിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ എന്ന നോവലിലെ ചില ഭാഗങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്.
അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിൻ്റെ പേരിൽ വിമർശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്താനെന്ന് വിമർശിച്ച സ്വരാജ് നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരരെന്നും കൂട്ടിച്ചേർത്തു. ഭീകരപ്രവർത്തനം തുടച്ചു നീക്കപ്പെടേണ്ടതാണ്.
സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത് അതിർത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെയെന്നും അദ്ദേഹം കുറിച്ചു.