Kerala

എം.സി റോഡിൽ കോട്ടയം കോടിമതയിൽ വീണ്ടും അപകടം; ബോലറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു, രണ്ടു പേർ മരിച്ചു

Posted on

കോട്ടയം: എം.സി റോഡിൽ കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കു മാറ്റിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊളേറോ ജീപ്പ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൊളോറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ രക്ഷാ പ്രവർത്തനം നടത്തിയത്.

അപകട വിവരം അറിഞ്ഞ് കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി. അപകടത്തിൽപ്പെട്ട ജീപ്പിനുള്ളിൽ പെട്ട ഡ്രൈവർ ജെയ്‌മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലും മറ്റ് ആംബുലൻസുകളിലുമായാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ബൊളേറോ ജീപ്പിനുള്ളിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിക്കപ്പ് വാനിനുള്ളിൽ രണ്ടു പേരുണ്ടായിരുന്നു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടർന്ന് റോഡിൽ ഓയിലും രക്തവും പരന്നൊഴുകിയിരുന്നു. അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് ഇത് കഴുകിക്കളഞ്ഞത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏതാണ്ട് അരമണിക്കൂറോളം ഗതാഗത തടസവും ഉണ്ടായി. ചിങ്ങവനം പൊലീസ് സംഘം അപകട വിവരമറിഞ്ഞ് സ്ഥലത്ത് എത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version