Kottayam
ലിറ്റിൽ കൈറ്റ്സ് അവാർഡ് തിളക്കത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ്
പ്രവിത്താനം: ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിന് തിളക്കമാർന്ന നേട്ടം.കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന അവാർഡ് ആണ് സെന്റ് മൈക്കിൾസിനെ തേടിയെത്തിയത്. ഈ വർഷം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ നടത്തിയ നവീനവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ അവാർഡിന് അർഹമാക്കിയത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ഓളം ടീമുകൾ പങ്കെടുത്ത ഐ.ടി. ക്വിസ്, കരൂർ,ഭരണങ്ങാനം പഞ്ചായത്തുകളിലായി നടത്തിയ ഡിജിറ്റൽ സർവേ, സമീപത്തുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ അടിസ്ഥാന സൗകര്യങ്ങൾ പരിചയപ്പെടുത്തൽ, പ്രാദേശിക വിഭവ സംരക്ഷണത്തെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കൽ, സമീപത്തുള്ള എൽ.പി.,യു പി. സ്കൂളുകളിൽ കമ്പ്യൂട്ടർ പരിശീലനം, വിവിധ വിഷയങ്ങളിൽ റീൽസ് നിർമ്മാണം, ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചുള്ള വിവിധ പരിപാടികൾ, ഫ്ലാഷ് മോബ് മുതലായവയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് ഈ വർഷം നടത്തിയ വ്യത്യസ്തമായ പരിപാടികൾ. റോബോട്ടിക്സ്, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജ്, പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജ് എന്നിവരുമായി ചേർന്ന് നടത്തിയ പരിപാടികളും ശ്രദ്ധേയമായി. മെയ് മാസത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ 30,000 രൂപ ക്യാഷ് പ്രൈസും,പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സ്കൂൾ ഏറ്റുവാങ്ങും. അവാർഡ് നേടിയ സ്കൂളിന് ആശംസകൾ നേരാൻ ജോസ് കെ. മാണി എം.പി., മാണി സി. കാപ്പൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, വാർഡ് മെമ്പർ പയസ് മാണി എന്നിവർ സ്കൂളിൽ എത്തി. തങ്ങളുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ജോസ് കെ. മാണി എം.പി. മൂന്ന് കമ്പ്യൂട്ടറുകളും, മാണി സി. കാപ്പൻ എം.എൽ.എ. രണ്ട് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും സ്കൂളിന് അനുവദിക്കാമെന്ന് ഉറപ്പ് നൽകി. സ്കൂൾ മാനേജർ വെരി റവ. ഫാ.ജോർജ് വേളുപ്പറമ്പിൽ, ഹെഡ്മാസ്റ്റർ ജിനു ജെ.വല്ലനാട്ട്,ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അധ്യാപകരായ സി. ത്രേസ്യാമ്മ പോൾ, വിദ്യ കെ.എസ്. എന്നിവർ സംസാരിച്ചു.