India

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് സൈനിക ആവശ്യങ്ങൾക്ക് ഏറ്റെടുക്കാൻ വിജ്ഞാപനം; പ്രതിഷേധം ശക്തം

Posted on

കവരത്തി: ലക്ഷദ്വീപിലെ ബിത്ര ദ്വീപ് സൈനിക ആവശ്യത്തിനായി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ലക്ഷദ്വീപ് എം പി മുഹമ്മദ് ഹംദുള്ള സയീദും ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷനും പ്രതിഷേധവുമായി രം​ഗത്ത് വന്നിട്ടുണ്ട്. സൈനിക ആവശ്യത്തിനായി ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എം പി വ്യക്താമാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടമാണ് ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കം പ്രദേശത്തെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അതിനെ ശക്തമായി എതിർക്കുമെന്നും ഹംദുള്ള സയീദ് വ്യക്തമാക്കിയിട്ടുണ്ട്. ദ്വീപ് ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തെക്കുറിച്ച് വിഷമിക്കുകയോ ഉത്കണ്ഠാകുലരാകുകയോ ചെയ്യരുതെന്ന് ഒരു വീഡിയോ സന്ദേശത്തിൽ ബിത്ര നിവാസികളോട് ലക്ഷദ്വീപ് എംപി ഹംദുള്ള സയീദ് ആവശ്യപ്പെട്ടു. നിങ്ങളുടെ എംപി എന്ന നിലയിൽ, ബിത്രയിലെയും ലക്ഷദ്വീപിലെയും നേതാക്കൾ ഉൾപ്പെട്ട ഒരു സമ്മേളനം ഞങ്ങൾ നടത്തി. അവർ കരഞ്ഞുകൊണ്ട് അതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. ബിത്രയിലെ ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടാൻ ഞങ്ങൾ തീരുമാനിച്ചു എന്നായിരുന്നു എംപിയുടെ പ്രതികരണം. നിരവധി ദ്വീപുകളിൽ പ്രതിരോധ കാര്യങ്ങൾക്ക് ആവശ്യമായ ഭൂമി സർക്കാർ ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്നും സയീദ് കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളായി തദ്ദേശീയ ജനങ്ങൾ താമസിച്ച് വരുന്ന ബിത്രയെ മറ്റൊരു ബദലും പരിഗണിക്കാതെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നും എം പി വ്യക്തമാക്കിയിട്ടുണ്ട്. ദ്വീപുവാസികളുമായി ഒരു കൂടിയാലോചനയും നടത്താത്ത ഭരണകൂടത്തെയും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version