Kerala
വീട്ടിലെ ഫ്യൂസ് ഊരിയതില്‍ പക; 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവ്
കാസര്‍കോട്: ബില്‍ കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് പ്രതികാരമായി 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി കാസര്‍കോട് സ്വദേശി.
ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് 2 മണിക്കൂർ വൈദ്യുതി മുടങ്ങി.
പരാതിയുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിയെത്തിയതോടെ ജീവനക്കാരും അമ്പരന്നു. പ്രശ്‌നമെന്താണെന്നറിയാന്‍ കെഎസ്ഇബി ജീവനക്കാര്‍ ട്രാന്‍സ്‌ഫോമറുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. തുടര്‍ന്ന് കെഎസ്ഇബി അധികൃതരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.
22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബില്‍. 12ന് ആയിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ നിന്ന് വിളിച്ചു.
അല്‍പംസമയം കഴിഞ്ഞപ്പോള്‍ വധഭീഷണിമുഴക്കി വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതര്‍ പറയുന്നു. ഇന്നലെ രാവിലെയെത്തിയ ജീവനക്കാര്‍ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണില്‍നിന്നുള്ള കണക്ഷന്‍ വിഛേദിച്ചു.