Kerala

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി കൊള്ളി നിയാസ് പിടിയിൽ

Posted on

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കിളികൊല്ലൂർ ഒരുമ നഗർ നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്ന നിയാസ് ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ​നവംബർ 11ന് പെരുമ്പുഴ മൊയ്തീൻ മുക്കിലായിരുന്നു സംഭവം. സബീറിന്റെ തട്ടുകടയ്ക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ഓച്ചിറയിൽ ഒളിവിൽ കഴിയുകയായിരുന്നു നിയാസിനെ ​കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജി.ജി.യുടെ നിർദ്ദേശപ്രകാരം ചാത്തന്നൂർ എ.സി.പി. രാകേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ഡാൻസാഫ് ടീമും ചേർന്നാണ് പിടികൂടിയത്.

ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിനൊടുവിലാണ് ഇയാൾ പിടിയിലായത്. കേസിലെ കൂട്ടുപ്രതികളായ മുണ്ടക്കൽ തില്ലേരി ആർ.എസ്. വില്ലയിൽ ജാക്സൺ, ഇരവിപുരം കൂട്ടിക്കട വാളത്തുങ്കൽ കാർഗിൽ വീട്ടിൽ ഫൈസൽ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം കട അടിച്ചുതകർക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. പരിപ്പുവടക്ക് ഉപ്പു കുറഞ്ഞതിന്റെ പേരിൽ ജാക്സണും നിയാസും ചേർന്ന് കടയിലെ തൊഴിലാളിയെ ആക്രമിക്കുകയും തിളച്ച എണ്ണ ദേഹത്ത് ഒഴിക്കുകയും ചെയ്തു.

തടയാൻ ശ്രമിച്ചവരെ കത്തിക്കാട്ട് ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആയിരുന്നു. ഓടിയെത്തിയ കടയുടമ നിസാമിനെ കത്തികൊണ്ട് കുത്തുകയും ചെയ്തു. തൊഴിലാളിയായ മോഹനന് ഗുരുതരമായ പരിക്കേറ്റു. സംഭവ ദിവസം തന്നെ നിയാസ് മറ്റൊരു വീട് കയറി ആക്രമണവും നടത്തിയിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം നിയാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version