Kottayam
കോട്ടയം സെന്റ് തോമസ് മാർത്തോമ്മാ പള്ളി 125 ന്റെ നിറവിൽ; ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ ആറിന് തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പാ നിർവഹിക്കും
കോട്ടയം പഴയചന്ത പള്ളി എന്ന് അറിയപ്പെടുന്ന സെന്റ്. തോമസ് മാർത്തോമ്മാ പള്ളി സ്ഥാപിതമായിട്ട് 125 വർഷം പൂർത്തിയാകുകയാണ്. 1901 മേയ് ഒന്നിന് (കൊല്ലവർഷം 1076 മേടം 19 ) താഴത്തങ്ങാടി പഴയ ചന്തയിലെ (അറുത്തൂട്ടി) പള്ളിക്കൂടം മറച്ചുകെട്ടിയായിരുന്നു ആരാധനയ്ക്കു തുടക്കം.തടർന്നു നിർമിച്ച ദേവാലയം 1906 ഡിസംബർ 29ന് (കൊല്ലവർഷം 1082 ധനു 14) തീത്തൂസ് പ്രഥമൻ മാർത്തോമ്മാ മെത്രാപ്പൊലീത്ത കൂദാശ ചെയ്തു. പൗരാണിക വാസ്തുശില്പ ശൈലിയിൽ കുരിശാകൃതിയിലാണ് പള്ളി നിർമിച്ചത്. രൂപത്തിൽ മാത്രമല്ല, ചിത്രപ്പണികളിലും ദേവാലയം വ്യത്യസ്തത പുലർത്തുന്നു.
ശലോമോൻ രാജാവ് ജറുശലേം ദേവാലയം നിർമിച്ചപ്പോൾ സ്ഥാപിച്ച കെരൂബുകളെ (കെരൂബ് അഥവാ കെരൂബിം എന്നാൽ മാലാഖ ) ഓർമിപ്പിക്കുന്ന രീതിയിൽ പള്ളിയുടെ മദുബഹയിൽ മലാഖമാരുടെയും പരിശുദ്ധാത്മാവിൻ്റെ വരവിനെ സൂചിപ്പിച്ചു പറന്നിറങ്ങുന്ന പ്രാവിൻ്റെയും രൂപമുണ്ട്. മുഖവാരത്തിൻ്റെ മുകളിൽ മാർത്തോമ്മാ സ്ലീഹായുടെ വാഹനത്തിൻ്റെ അടയാളമായി രണ്ടു മൈൽ പക്ഷികളുമുണ്ട്.
മലങ്കര സഭയുടെ വൈദിക ട്രസ്റ്റിയും കോട്ടയം ചെറിയ പള്ളി ഇടവക വികാരിയുമായിരുന്ന താഴത്ത് പുന്നത്ര ചാണ്ടപ്പിള്ള കത്തനാരാണ് സ്വന്തം സ്ഥലത്ത് പുതിയ ദേവാലയം നിർമിച്ചത്. മലങ്കര സഭയിലെ നവീകരണ പക്ഷത്തായിരുന്ന ചാണ്ടപ്പിള്ള കത്തനാരുടെ നേതൃത്വത്തിൽ തീത്തൂസ് ഒന്നാമനെ മാർത്തോമ്മാ മെത്രാപ്പൊലീത്തയായി വാഴിച്ചതിനെ തുടർന്ന് കത്തനാർക്ക് ചെറിയ പള്ളിയിൽ നിന്നു പുറത്തുപോകേണ്ടി വന്നു.(തോമസ് മാർ അത്താനാസിയോസ് കാലം ചെയ്തത് പിൻഗാമിയെ വാഴിക്കാതെയായിരുന്നു.ഇതോടെ മാർത്തോമ്മാ സഭയ്ക്ക് മെത്രാപ്പൊലീത്ത ഇല്ലാതായി. തുടർന്നാണ് തീത്തൂസ് ഒന്നാമനെ വാഴിച്ചത്.)
ചാണ്ടപ്പിള്ള കത്തനാരും നവീകരണ വാദികളും കുമ്മനത്ത് സ്ഥലം വാങ്ങി താൽക്കാലിക കപ്പേള നിർമിച്ചെങ്കിലും സ്ഥിരം നിർമാണത്തിന് അനുമതി കിട്ടിയില്ല. തുടർന്നാണ് അറുത്തൂട്ടിയിൽ പള്ളി പണിതത്. 1901 മുതൽ 1931 വരെ ചാണ്ടപ്പിള്ള കത്തനാരായിരുന്നു സെൻ്റ് തോമസ് പള്ളി വികാരി. ഏലിയാസ് ആദ്യ ശുശ്രൂഷകനും പനമ്പുന്നയിൽ ഉലഹന്നാൻ പ്രഥമ ട്രസ്റ്റിയും ആയി. വൈദ്യുതി ഇല്ലായിരുന്നതിനാൽ വിളക്കിൻ്റെയും മെഴുകുതിരിയുടെയും വെട്ടത്തിലായിരുന്നു ആദ്യ കാലങ്ങളിൽ ആരാധന.
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം ജൂലൈയ് 6 തീയതി നടത്തപ്പെടുകയാണ് അന്നേ ദിവസം രാവിലെ 8 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് മാർത്തോമ്മാ സഭ കോട്ടയം – കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പാ നേതൃത്വം നൽകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ശതോത്തര രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്നതാണ്. സ്നേഹാർദ്രം ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു. മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. യാക്കോബായ സഭ കോട്ടയം ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമഥിയോസ് മെത്രോപ്പോലീത്താ അനുഗ്രഹ പ്രഭാക്ഷണം നടത്തും.വേദപഠനത്തിനും പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകുന്ന സ്നേഹസന്ദേശം പ്രോഗ്രാംബിഷപ്പ് തോമസ് ശമുവേൽ (സി എസ് ഐ മദ്ധ്യകേരള മഹായിടവക ) ഉദ്ഘാടനം ചെയ്യും.
ലോഗോ പ്രകാശനം പഴയ സെമിനാരി പ്രിൻസിപ്പാൾ റവ.ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ പ്രകാശനം കർമ്മം നിർവഹിക്കുംഇ ടവക ഡിജിറ്റിലൈസേഷന്തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടക്കം കുറിക്കും.വാർഡ് കൗൺസിലർ ഡോ. സോന. ആർ ആശംസകൾ അർപ്പിക്കും.
125 പേർ അടങ്ങുന്ന വിവിധ സബ് കമ്മിറ്റികൾ പരിപാടികളുടെ നടത്തിപ്പിനായി രൂപികരിച്ചതായി വികാരി റവ. ഡോ. ജോ ജോസഫ് കുരുവിള , ജനറൽ കൺവിനിർ നോബിൾ തോമസ്, ഇടവക സെക്രട്ടറി കുര്യൻ തോമസ്, പബ്ലിസിറ്റി കൺവീനർ റിജു പി അലക്സ്, ട്രസ്റ്റി എബ്രഹാം തോമസ്, എന്നിവർ അറിയിച്ചു.