Kerala
മതമല്ല മതമല്ല മതമല്ല പ്രശ്‌നം,എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം; ധനമന്ത്രി
തിരുവനന്തപുരം: മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസ്താവന ബജറ്റ് അവതരണത്തിനിടെ പരാമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല മറിച്ച് ‘മതമല്ല പ്രശ്‌നം എരിയുന്ന വയറിലെ തീയാണ്’ എന്നതാണ് തങ്ങളെ നയിക്കുന്ന മുദ്രാവാക്യമെന്നും ധനമന്ത്രി പറഞ്ഞു. ഭരണപക്ഷ അംഗങ്ങൾ ആവേശത്തോടെയാണ് ഈ പരാമർശത്തെ ഏറ്റെടുത്തത്.
മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല ഞങ്ങളെ നയിക്കുന്ന മുദ്രാവാക്യം. മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്നതാണ് ഞങ്ങളെ നയിക്കുന്നത്’ കെ എൻ ബാലഗോപാൽ പറഞ്ഞു. ‘ഒരു കോടി മനുഷ്യരിലേക്ക് എത്തുന്ന സാമൂഹിക സുരക്ഷാ ധനസഹായങ്ങളും അഞ്ച് ലക്ഷം മനുഷ്യർക്ക് കിടപ്പാടവും ഒരു കോടിയിലധികം പേർക്ക് സൗജന്യ ചികിത്സയും ഒരുക്കി. അതിദാരിദ്ര്യത്തിൽനിന്ന് മോചനവും കടക്കെണിയിൽ വീണവരുടെ കിടപ്പാടമടക്കം സംരക്ഷിക്കലും സർക്കാർ പള്ളിക്കൂടങ്ങളും ആശുപത്രികളും മികച്ചതാക്കലുമാണ് ഞങ്ങൾ ഏറ്റെടുത്തത്. അത് ഞങ്ങളുടെ രാഷ്ട്രീയമാണ്. അത് ഓരോ നിശ്വാസത്തിലും ഉയർത്തിപ്പിടിക്കുന്നുണ്ട്’ മന്ത്രി പറഞ്ഞു.