Kerala

മൂന്ന് മുൻ ആരോഗ്യ മന്ത്രിമാരും സ്വസ്ഥമായി വിശ്രമിക്കട്ടെ :ആരോഗ്യ വകുപ്പിലെ കാര്യം ഞാൻ നോക്കിക്കൊള്ളാം :കെ മുരളീധരൻ

Posted on

കോഴിക്കോട്: മുന്‍ ആരോഗ്യമന്ത്രിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഉന്നയിച്ച കടുത്ത ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍. മുന്‍ മന്ത്രിമാരുടെ ആരോപണങ്ങള്‍ക്ക് താന്‍ പുല്ലുവില മാത്രമാണ് കല്‍പ്പിക്കുന്നതെന്ന് അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഇത്രയും കാലം ഭരിച്ചിട്ട് ആരോഗ്യവകുപ്പിനായി അവര്‍ എന്താണ് ഉണ്ടാക്കിയതെന്നും, വകുപ്പിനെ നശിപ്പിച്ചതല്ലാതെ മറ്റൊന്നും ചെയ്യാത്തവരാണ് അവരെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി തുറന്നടിച്ചു. എസ്.എം.എ. (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗികള്‍ക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് മുന്‍ മന്ത്രിമാരുടെ വിമര്‍ശനങ്ങളും അതിനുള്ള മന്ത്രിയുടെ ശക്തമായ മറുപടിയും പുറത്തുവന്നിരിക്കുന്നത്.

രഹസ്യമായി കണ്ട് കച്ചവടം ഉറപ്പിക്കുകയായിരുന്നു പതിവെന്നും, എന്നാല്‍ ഇപ്പോള്‍ അനാവശ്യമായ ആശങ്കകള്‍ സൃഷ്ടിക്കുന്നത് പ്രതിപക്ഷമാണെന്നും മന്ത്രി ആരോപിച്ചു. എല്ലാം വളരെ നിസ്സാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ് കെ. മുരളീധരന്‍ എന്നും, അദ്ദേഹം ചുമതലയേറ്റെടുത്തത് മുതല്‍ വകുപ്പില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങളാണെന്നുമായിരുന്നു മുന്‍ മന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നത്. മരുന്നു കമ്പനികളുമായുള്ള കെ. മുരളീധരന്റെ ബന്ധം സമഗ്രമായി അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എസ്.എം.എ. ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി ആശങ്ക അകറ്റണമെന്നും കുട്ടികളില്‍ ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്ന് എങ്ങനെ പ്രയോഗിച്ചുവെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആശുപത്രികള്‍ വന്‍കിട മുതലാളിമാര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണെന്നും, പൊതുജനാരാഗ്യം നിലനിന്നില്ലെങ്കില്‍ സാധാരണക്കാര്‍ ഉയര്‍ന്ന ചികിത്സാ ചെലവ് താങ്ങാനാകാതെ ബുദ്ധിമുട്ടുമെന്നും മുന്‍ മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എസ്.എം.എ. ബാധിച്ച കുട്ടികളെ സര്‍ക്കാര്‍ പരീക്ഷണ വസ്തുക്കളാക്കി മാറ്റിയെന്നും, ഇതാണ് രക്ഷിതാക്കളില്‍ കടുത്ത ആശങ്ക ഉണ്ടാകാന്‍ കാരണമെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. തികച്ചും സുതാര്യമല്ലാത്തെ രീതിയിലാണ് ആരോഗ്യവകുപ്പ് ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിച്ചതെന്നും അവര്‍ ആരോപിച്ചു. ആരോഗ്യവകുപ്പ് താന്‍ ചോദിച്ചുവാങ്ങിയതാണെന്ന് പറഞ്ഞ കെ. മുരളീധരന്‍ കാര്യങ്ങളെല്ലാം നിസ്സാരമായാണ് കാണുന്നത്. വിമര്‍ശനങ്ങള്‍ ഉണ്ടാകാത്ത വകുപ്പല്ല ആരോഗ്യവകുപ്പെങ്കിലും, വിമര്‍ശനങ്ങളെ ഒരിക്കലും പരിഹാസത്തോടെ തങ്ങള്‍ കണ്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ തികച്ചും വസ്തുതാപരമാണെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ മന്ത്രിമാരായിരുന്ന ഘട്ടത്തില്‍ പലവിധ പരാതികളും ഉണ്ടായിട്ടുണ്ടാകാമെങ്കിലും ഇത്തരം ജനവിരുദ്ധ നടപടികള്‍ ഒരിക്കലുണ്ടായിട്ടില്ലെന്ന് അവര്‍ അവകാശപ്പെട്ടു. മന്ത്രി മുരളീധരന്‍ നല്ല വാഗ്‌സാമര്‍ത്ഥ്യമുള്ളയാളാണെങ്കിലും വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ സംസാരിക്കരുതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

തങ്ങള്‍ മൂന്ന് പേരും അഞ്ച് വര്‍ഷം വീതം പൂര്‍ത്തിയാക്കിയ മന്ത്രിമാരാണെന്നും, ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന വലിയ നേട്ടങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ആരോഗ്യമേഖലയില്‍ കൈവരിച്ചതെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആകെ മാറിമറിഞ്ഞതോടെ ലോകമെമ്പാടുമുള്ള പ്രശംസ പിടിച്ചുപറ്റാന്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് മന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തിയത്. ആ മൂന്ന് പേരും ഇനി സ്വസ്ഥമായി വിശ്രമിക്കട്ടെയെന്നും, ആരോഗ്യവകുപ്പിലെ കാര്യങ്ങള്‍ താന്‍ തന്നെ അടുത്ത അഞ്ച് വര്‍ഷം നോക്കിക്കൊള്ളാമെന്നും അദ്ദേഹം തുറന്നടിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version