Kerala
10 സീറ്റുകള്‍ വേണം, വിട്ടുവീഴ്ചയില്ല; നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ്
10 സീറ്റ് വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. നാല് സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം അംഗീകരിക്കേണ്ടതില്ലെന്നാണ് കോട്ടയത്ത് ചേര്‍ന്ന ഹൈപവര്‍ കമ്മിറ്റിയുടേയും തീരുമാനം.
വിജയസാധ്യത എന്ന കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് നാലുസീറ്റുകള്‍ ഏറ്റെടുക്കാന്‍ നീക്കങ്ങള്‍ തുടരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുശതമാനം കണക്കിലെടുക്കുമ്പോള്‍ ഈ വാദത്തിന് കഴമ്പില്ലെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 93 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.
20 ശതമാനം വിജയം മാത്രമാണ് ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനുമുണ്ടായത്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സീറ്റ് വിറ്റുകൊടുക്കേണ്ട ആവശ്യമില്ലെന്നാണ് ഹൈപവര്‍ കമ്മിറ്റിയില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടത്.