Kerala
കേരള കോൺഗ്രസ് എം പിളർപ്പിലേക്ക്? LDF വിടണമെന്ന് ജോസ് കെ മാണി; പറ്റില്ലെന്ന് റോഷിയും പ്രമോദും
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ രണ്ടുപേര്‍ എല്‍ഡിഎഫിനൊപ്പവും രണ്ടുപേര്‍ മുന്നണി മാറ്റത്തിന് അനുകൂലവുമായ നിലപാടാണെന്നാണ് സൂചന. ഒരു എംഎല്‍എ വ്യക്തമായ നിലപാട് ഇതുവരെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നുമാണ് വിവരം.
കേരള കോണ്‍ഗ്രസ് എമ്മിന് നിലവില്‍ അഞ്ച് എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎല്‍എ പ്രമോദ് നാരായണനും കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരണമെന്ന അഭിപ്രായക്കാരാണ്. എല്‍ഡിഎഫിനൊപ്പമെന്ന സൂചനയോടെ ഇരുവരും ‘തുടരും’ എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. മുന്നണി മാറ്റമെന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് റോഷി അഗസ്റ്റിന് തള്ളുകയും ചെയ്തിട്ടുണ്ട്.