Kerala
കേരള ബജറ്റ്; പഠനത്തിനും ജോലിക്കും വിദേശത്തു പോകേണ്ട; യുവാക്കള്‍ക്കായി നോളജ് വാലി, ജോബ് വാച്ച് ടവര്‍ പദ്ധതികള്‍
തിരുവനന്തപുരം: വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടായില്ലെങ്കിലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും മാറ്റങ്ങള്‍ സൃഷ്ടിക്കാനുതകുന്ന പദ്ധതികള്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യ ബജറ്റിലുണ്ട്.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും വിദേശത്തെ ലെഗസി യൂണിവേഴ്സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനും ‘കേരള നോളജ് വാലി’ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ആദ്യത്തേത്. ഉയര്‍ന്ന അക്കാദമിക മികവുള്ള ഒരു ഉപദേശക സമിതിയുടെ മാര്‍ഗ നിര്‍ദേശങ്ങളോടെയായിരിക്കും ഇത് പ്രവര്‍ത്തിക്കുക.
ഇന്ത്യയിലേയും വിദേശത്തെയും മുന്‍നിര സര്‍വകലാശാലകളുമായി നോളജ് വാലി സഹകരിക്കും. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മദ്രാസ് ഐഐടി മാതൃകയില്‍ റിസര്‍ച്ച് പാര്‍ക്ക് ഒരുക്കാനായി 60 കോടി നീക്കിവെച്ചു.
മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാന്‍ ‘ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍’ ആരംഭിക്കും. സംസ്ഥാനതല ഫ്യൂച്ചര്‍ സ്കില്‍സ് ആന്‍ഡ് എംപ്ലോയിമെന്റ് ഇന്റലിജെന്‍സ് മിഷന് ആയാണ് ഗ്ലാബല്‍ ജോബ് വാച്ച് ടവര്‍ സംവിധാനം പ്രവര്‍ത്തിക്കുക.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പുതിയ തൊഴില്‍ പ്രവണതകള്‍ നിരീക്ഷിച്ച് ഭാവിയിലേക്ക് ആവശ്യമായി വരുന്ന നൈപുണ്യങ്ങള്‍ തിരിച്ചറിഞ്ഞ്, പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കി, വ്യവസായ അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തി പ്രധാന മേഖലകളിലെ തൊഴില്‍ ശക്തി ആസൂത്രണത്തിന് ഈ മിഷന് പിന്തുണ നല്‍കും.
ഡിജിറ്റല്‍ സാങ്കേതികവിദ്യ, അത്യാധുനിക നിര്‍മാണ മേഖല, ആരോഗ്യപരിപാലനം, ഹരിത സമ്പദ്വ്യവസ്ഥ, ലോജസ്റ്റിക്സ്, ടൂറിസം, അന്തര്‍ദേശിയ തൊഴില്‍ മേഖലകള്‍ എന്നിവയ്ക്ക് മിഷന് പ്രത്യേക പ്രാധാന്യം നല്‍കും. ഈ പദ്ധതികള്‍ ആരംഭിക്കുന്നതിനായി പ്രഥമികഘട്ട സഹായമായി രണ്ട് കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.