Kerala

കെ സുധാകരന്‍ വീണ്ടും ഉടക്കുമായി രംഗത്ത്, പുനഃസംഘടന അനാവശ്യമെന്ന് ന്യായവാദം

Posted on

കെപിസിസി ഭാരവാഹികളേയും ഡിസിസി അധ്യക്ഷന്മാരേയും മാറ്റേണ്ടതില്ലെന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരസ്യ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തിന് വീണ്ടും തലവേദനയായിമാറുന്നു. പാര്‍ട്ടിയില്‍ ഐക്യം സ്ഥാപിക്കാനും പുതിയ നേതൃത്വത്തെ കൊണ്ടുവന്ന് പാര്‍ട്ടിയെ അടിമുടി മാറ്റിയെടുക്കാനുമാണ് എഐസിസിയുടെ ശ്രമം.

എന്നാല്‍, കെ സുധാകരന്റെ പുതിയ നീക്കം പുനഃസംഘടനാ നീക്കത്തിന് തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് നേതൃത്വം. യുവനേതൃത്വത്തെ ഡിസിസി അധ്യക്ഷ പദവിയിലും കെപിസിസി ഭാരവാഹിത്വത്തിലും കൊണ്ടുവന്ന് പാര്‍ട്ടിയെ അടിമുടി മാറ്റിയെടുക്കുന്നതിനുള്ള നീക്കമാണ് നേതൃത്വം ആരംഭിച്ചിരിക്കുന്നത്.

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതോടെ പരസ്യപ്രതികരണം നടത്തി നേതൃത്വത്തെ വെട്ടിലാക്കിയ സുധാകരന്റെ പുതിയ നീക്കത്തെ നേതൃത്വം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ചുമതല ഐഐസിസി നേതൃത്വത്തില്‍ നിന്നും വാങ്ങിയെടുക്കാനുള്ള നീക്കങ്ങള്‍ സുധാകരന്‍ നടത്തിയിരുന്നുവെങ്കിലും ഹൈക്കമാന്റ് സുധാകരനുമായി ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെ സുധാകരനും കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അകല്‍ച്ചയുടെ ആഴം കൂടിയിരിക്കുകയാണ്.

അസംബ്ലി തിരഞ്ഞെടുപ്പുവരെ അധ്യക്ഷസ്ഥാനത്ത് തുടരുകയെന്ന കെ സുധാകരന്റെ ആഗ്രഹത്തിനേറ്റ തിരിച്ചടിയായിരുന്നു പുന:സംഘടന. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴും അധ്യക്ഷസ്ഥാനത്ത് തുടരാന്‍ കഴിയുമെന്നായിരുന്നു സുധാകരന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version