Sports
ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ചാമ്പ്യന്‍മാരായി നാപോളി
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് നാപ്പോളിയിലേക്ക് ചേക്കേറിയ സ്‌ട്രൈക്കര്‍ റാസ്മസ് ഹോജ്‌ലുണ്ട് മുന്‍നിരയെ നയിച്ച നാപോളി ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറ്റൊരു ഇറ്റാലിയന്‍ ക്ലബ് ആയ ബൊലോഗ്‌നയെയാണ് കലാശപ്പോരില്‍ അവര്‍ പരാജയപ്പെടുത്തിയത്.
ഡെന്‍മാര്‍ക്ക് താരമായ ഹോജ്‌ലുണ്ട് ടീമിലെത്തിയതിന് ശേഷമുള്ള ആദ്യ കിരീട നേട്ടമാണിത്. 39, 57 മിനിറ്റുകളില്‍ ബ്രസീലിയന്‍ വിംഗര്‍ ഡേവിഡ് നെരെസ് ആണ് നാപോളിയുടെ രണ്ട് ഗോളുകളും നേടിയത്. ഒരു ഗോള്‍ വഴങ്ങിയതിന് ശേഷം ബൊളോഗ്ന പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞ് കളിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു രണ്ടാം ഗോള്‍. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നാപോളി പ്രതിരോധം തടഞ്ഞുകൊണ്ടിരുന്നു. സൂപ്പര്‍കപ്പില്‍ നാപോളിയുടെ മൂന്നാം കിരീടനേട്ടമാണിത്. 1990ലും 2014-ലുമാണ് മുമ്പ് ചാമ്പ്യന്‍മാരായിരുന്നത്.