Kerala
അവസാന പന്ത് വരെ ആവേശം: ചിരവൈരികളായ പാകിസ്താനെ ഒരു വിക്കറ്റിന് കീഴടക്കി ഇന്ത്യ അണ്ടർ-19 ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു
അവസാന പന്ത് വരെ ആവേശം: ചിരവൈരികളായ പാകിസ്താനെ ഒരു വിക്കറ്റി പരാജയപ്പെടുത്തി വിജയ കിരീട ചൂടി .പാകിസ്താൻ ഉയർത്തിയ 338 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അവസാന പന്തില്‍ മോഹിത് ഉല്‍വ പായിച്ച തകർപ്പൻ ബൗണ്ടറിയിലൂടെയാണ് അവിസ്മരണീയ വിജയം സ്വന്തമാക്കിയത്.
ഒരൊറ്റ വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യ നേടിയ ഈ ത്രില്ലിങ് വിജയം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകരമായ വിരുന്നായി.
338 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സെവാഗും ചേർന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ലക്ഷ്യ 101 പന്തില്‍ 80 റണ്‍സെടുത്തപ്പോള്‍, ആര്യവീർ 61 പന്തില്‍ 58 റണ്‍സ് നേടി. മധ്യനിരയില്‍ 32 പന്തില്‍ 47 റണ്‍സടിച്ച മനാല്‍ ചൗഹാന്റെ പ്രകടനവും നിർണായകമായി. 48-ാം ഓവറില്‍ പുറത്താകുന്നതിന് മുൻപ് മനാലും മോഹിത് ഉല്‍വയും ചേർന്ന് അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വിജയത്തിന് തൊട്ടരികിലെത്തിച്ചിരുന്നു.
അവസാന ഓവറുകളില്‍ സമ്മർദ്ദത്തിന് അടിപ്പെടാതെ ബാറ്റ് വീശിയ മോഹിത് ഉല്‍വയും (26 പന്തില്‍ 49*) സി.വി.എൻ.വി. സുഭാഷും (8 പന്തില്‍ 11*) ചേർന്നാണ് ഇന്ത്യയെ വിജയതീരത്തണച്ചത്. 49-ാം ഓവറില്‍ ഇരുവരും ചേർന്ന് 17 റണ്‍സ് അടിച്ചെടുത്തത് മത്സരത്തില്‍ നിർണായക വഴിത്തിരിവായി.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 111 പന്തില്‍ 11 ഫോറും മൂന്ന് സിക്സുമടക്കം 107 റണ്‍സെടുത്ത ഓപ്പണർ ഉസ്മാൻ ഖാന്റെ സെഞ്ച്വറിയാണ് പാക് ഇന്നിങ്സിന് കരുത്തായത്.
ഹയാം ഖാനൊപ്പം ചേർന്ന് ഒന്നാം വിക്കറ്റില്‍ 62 റണ്‍സ് നേടിയ ഉസ്മാൻ, രണ്ടാം വിക്കറ്റില്‍ അബ്ദുള്‍ ഖാദിറിനൊപ്പം 135 റണ്‍സിന്റെ നിർണായക കൂട്ടുകെട്ടും പടുത്തുയർത്തി. 54 പന്തില്‍ എട്ട് സിക്സും മൂന്ന് ഫോറുമടക്കം 80 റണ്‍സെടുത്ത അബ്ദുള്‍ ഖാദിറും, 60 പന്തില്‍ 63 റണ്‍സെടുത്ത ക്യാപ്റ്റൻ ഫർഹാൻ യൂസഫും പാക് സ്കോർ 300 കടത്താൻ സഹായിച്ചു.
ഫോമിലുള്ള പേസർ ഇഷാൻ സൂദിന്റെ അഭാവം തുടക്കത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായെങ്കിലും, അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ പാകിസ്താനെ 337-ല്‍ ഒതുക്കി നിർത്തുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കാവ്യ പട്ടേല്‍ നാല് വിക്കറ്റും ചിഗുരുപതി വെങ്കട്ട മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങി.