Kerala
ഡിജിറ്റൽ ഇന്ത്യ:30 ലക്ഷം പഞ്ചായത്ത് മെമ്പർമാർ. 4500 എം എൽ എ മാർ. 800 എം പി മാർ.വീണ്ടും പുതിയ 2350 പേർ എന്തിന് ? -സെബാസ്റ്റ്യൻ തയ്യുർ
മണ്ഡല പുനർനിർണയത്തിന്റെ പേരിൽ രാജ്യത്ത് ലോക്സഭാംഗങ്ങളുടെയും നിയമസഭാംഗങ്ങളുടെയും എണ്ണം വൻതോതിൽ വർധിപ്പിച്ച തുകൊണ്ട് രാജ്യത്തിനു എന്ത് നേട്ടമാണു ണ്ടാകുക. 30 ലക്ഷത്തോളം പഞ്ചായത്ത് ( ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കോർപ്പറേഷൻ )മെമ്പർമാരും ഡിജിറ്റൽ സൗകര്യങ്ങളും ഉള്ള രാജ്യത്ത്എം എൽ എ മാരുടെയും എം പി മാരുടെയും എണ്ണം കുറച്ച് കാര്യക്ഷമമായ ഭരണമാണ് ഉണ്ടാകേണ്ടത്.സാധാരണക്കാരന്റെ നികുതിപ്പണം ചെലവഴിച്ച് ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ ഏതാനും രാഷ്ട്രീയ നേതാക്കൾക്ക് കൂടുതൽ അധികാരവും ആനുകൂല്യങ്ങളും ആഡംബര ജീവിതത്തിനുള്ള അവസരം ലഭിക്കുമായിരിക്കാം. എന്നാൽ രാജ്യം അതിന്റെ ഭാരം ചുമക്കേണ്ടി വരും.
2026 നവംബർ 28-ന് പുറത്തുവന്ന കേന്ദ്ര മന്ത്രി സഭയുടെ പുതിയ നിർദേശപ്രകാരം, ഭരണഘടനയുടെ 132-ാം ഭരണ ഘടന ഭേദഗതി ബിൽ മുഖേന ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും അംഗസംഖ്യ 50% വീതം വർധിപ്പിക്കാനാണ് സർക്കാർ നീക്കം.
നിലവിലുള്ള ലോക്സഭയുടെ 543 അംഗസംഖ്യ 815 അംഗങ്ങളിലേക്കുയരും. ഏകദേശം 272 പുതിയ എംപിമാർ. നിലവിലുള്ള നിയമസഭകളിലെ അംഗസംഖ്യയിൽ(4123) 50 ശതമാനം വർധനയുണ്ടായാൽ ഏകദേശം 2,061 പുതിയ എംഎൽഎമാർ കൂടി ഉണ്ടാകും.ലോക്സഭയുടെ പരമാവധി അംഗസംഖ്യ 850 ആയും സംസ്ഥാന നിയമസഭകളുടെ പരമാവധി അംഗസംഖ്യ 650 ആയും ഉയർത്താനാണ് നിർദേശം.
ഇത്രയും വലിയൊരു വർധന രാജ്യത്തിന്റെ ഭരണസംവിധാനത്തിന് എന്ത് ഗുണമാണ് നൽകുന്നത്?മുൻകാലങ്ങളിലെ പോലെ ജന പ്രതിനിധികൾ നേരിൽ കണ്ട് ആശയ വിനിമയം നടത്തുന്ന കാലം കഴിഞ്ഞു പോയി. അതുകൊണ്ട് എം പി മാരുടെ ജോലിഭാരം കുറഞ്ഞിരിക്കുക യാണ്.
ഇന്ത്യയിൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിലുണ്ട്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ തലങ്ങളിൽ ലക്ഷക്കണക്കിന് ജനപ്രതിനിധികൾ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അതിനുപുറമേ എംഎൽഎമാരും എംപിമാരും. ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനും പരിഹരിക്കാനും ഇത്രയധികം തലങ്ങളിലുള്ള സംവിധാനങ്ങൾ നിലനിൽക്കുമ്പോൾ വീണ്ടും ജനപ്രതിനിധികളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കേണ്ടതുണ്ടോ?
ഡിജിറ്റൽ ഭരണസംവിധാനത്തിൽ വലിയ പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഭരണപരമായ വിവരങ്ങൾ തത്സമയം ശേഖരിക്കാനും കൈമാറാനും തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാനും ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധിക്കും. അങ്ങനെയിരിക്കെ, ജനപ്രതിനിധികളുടെ എണ്ണം കുറച്ച് ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു പകരം പാർലമെന്റിനെയും നിയമസഭകളെയും വൻ ജനക്കൂട്ടങ്ങളാക്കി മാറ്റുന്നത് എന്തിനാണ്?
ഇത് രാജ്യത്തിന്റെ പൊതുഖജനാവിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും.എംപിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, പെൻഷൻ, യാത്രാബത്ത, താമസസൗകര്യം, ജീവനക്കാർ, ഓഫീസ് സംവിധാനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പൊതുപണം ചെലവഴിക്കേണ്ടിവരും. അതിന്റെ ആത്യന്തിക ബാധ്യത വഹിക്കേണ്ടിവരുന്നത് സാധാരണ നികുതിദായകരാണ്.
1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭയിലെയും നിയമസഭകളിലെയും സംസ്ഥാനങ്ങളുടെ ആകെ സീറ്റുകളുടെ പുനർനിർണയം മരവിപ്പിച്ചതാ യിരുന്നു.
പുതിയ 132-ാം ഭേദഗതി നിർദേശത്തിൽ 2011-ലെ സെൻസസ് കണക്കുകൾ ആണ് ഉപയോഗിക്കുക. സംസ്ഥാനങ്ങൾക്കിടയിലെ നിലവിലുള്ള ലോക്സഭാ സീറ്റ് അനുപാതം 2051 വരെ സംരക്ഷിക്കാനുള്ള നിർദേശവും ഇതിലുണ്ട്.എന്നാൽ സീറ്റ് വർധിപ്പിക്കുന്നതിന്റെ മാനദണ്ഡം ജനസംഖ്യ അല്ലതാനും.
ഓരോ സംസ്ഥാനത്തെയും നിലവിലുള്ള ലോക്സഭാ സീറ്റുകളിൽ 50 ശതമാനം വർധന വരുത്തുന്നതിന്റെ യുക്തി എന്താണെന്നു മനസ്സിലാകുന്നില്ല.ഉദാഹരണത്തിന്, ഉത്തർപ്രദേശിൽ നിലവിലുള്ള 80 സീറ്റുകൾ 120 ആയി മാറും. 2011-ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള സീറ്റുകളുടെ എണ്ണം മാത്രം നിലനിർത്തി പുനർവിന്യസിച്ചിരുന്നെങ്കിൽ ഒൻപത് സീറ്റ് മാത്രം വർധിച്ച് 89 സീറ്റുകൾ മാത്രമാകുമായിരുന്നു.ഇപ്പോൾ വർധിപ്പിക്കുന്നത് 40 ആണ്.
എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ 50 ശതമാനം സീറ്റ് വർധന നൽകുന്നതിലൂടെ ആരെയാണ് തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത്? ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെങ്കിൽ അതിന് ഇത്ര വലിയൊരുപ്രതിനിധിഅംഗസംഖ്യാ വർധന അനിവാര്യമാണോ?
സർക്കാർ എന്തുകൊണ്ടാണ് ഈ വർധനവിൽ രാജ്യസഭയെയും നിയമനിർമാണ കൗൺസിലുകളെയും ഒഴിവാക്കിയത് എന്നും മനസ്സിലാകുന്നില്ല.
(ഭരണഘടനയുടെ ആർട്ടിക്കിൾ 80അനുസരിച്ച് രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. പുതിയ നിർദേശം ഈ വ്യവസ്ഥയിൽ മാറ്റം വരുത്തുന്നില്ല.)
പാർലമെനന്റ് എംപിമാരുടെ പ്രധാന ഉത്തരവാദിത്വം നിയമനിർമാണമാണ്. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന നിയമങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയും സർക്കാരിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുകയും ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് അവരുടെ കടമ.
എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി പാർലമെന്റിൽ നടക്കുന്ന ചർച്ചകളുടെ നിലവാരവും നിയമനിർമാണ പ്രക്രിയയുടെ ഗൗരവവും പരിശോധിച്ചാൽ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ട്. പലപ്പോഴും ബില്ലുകൾ വേണ്ടത്ര ചർച്ചകളില്ലാതെ പാസാക്കപ്പെടുന്നു. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയുമുണ്ട്.
അങ്ങനെയിരിക്കെ, 543 അംഗങ്ങളുള്ള ലോക്സഭയെ 815 അംഗങ്ങളുള്ള വലിയൊരു സഭയാക്കി മാറ്റിയാൽ നിയമനിർമാണത്തിന്റെ നിലവാരം ഉയരുമെന്ന് എങ്ങനെ ഉറപ്പിക്കാനാകും?എല്ലാ എം പി മാർക്കും അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും പാർലമെന്റിൽ സംസാരിക്കാൻ അവസരം കിട്ടുമോ അംഗങ്ങളുടെ എണ്ണം കൂടുന്നതുകൊണ്ടുമാത്രം ജനാധിപത്യം ശക്തിപ്പെടില്ല. ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും പ്രവർത്തനക്ഷമതയുമാണ് പ്രധാനം.വിഷയങ്ങൾ പഠിക്കാനുള്ള മനസ്സും വേണം. അത് അവതരിപ്പിക്കാൻ അവസരവും നൽകണം.
2023-ലെ 106-ാം ഭരണഘടനാ ഭേദഗതി വഴിയാണ് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ഉറപ്പാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ആർട്ടിക്കിൾ 334A ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിൽ യാതൊരു സംശയവുമില്ല.
എന്നാൽ സ്ത്രീ സംവരണം നടപ്പാക്കുന്നതിന്റെ പേരിൽ ജനപ്രതിനിധികളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കേണ്ടതുണ്ടോ? നിലവിലുള്ള അംഗസംഖ്യയ്ക്കുള്ളിൽത്തന്നെ സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സാധ്യതകൾ ഉണ്ട് എന്ന് 2023 ഭേദഗതി ചർച്ചയിൽ ബിജെപി നേതാക്കൾ തന്നെ അംഗീകരിച്ചിരുന്നതാണ്.
മണ്ഡല പുനർനിർണയത്തിന്റെയും സംവരണത്തിന്റെയും മാനദണ്ഡങ്ങൾ സുതാര്യവും വ്യക്തവുമായിരിക്കണം. അതിന്റെ പേരിൽ അംഗസംഖ്യ വർധിപ്പിക്കുന്നതിനു മുമ്പ് രാജ്യത്തിന് ഉണ്ടാകുന്ന സാമ്പത്തികവും ഭരണപരവുമായ ബാധ്യതകൾ വിശദമായി വിലയിരുത്തണം
ഇന്ത്യയെപ്പോലെ ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അതിന്റെ പേരിൽ അനാവശ്യമായി അംഗസംഖ്യ വർധിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ ശക്തീകരണമല്ല.
ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് കൂടുതൽ ജനപ്രതിനിധികളെ സൃഷ്ടിക്കുകയല്ല, നിലവിലുള്ള സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
രാജ്യത്തിന് വേണ്ടത് കൂടുതൽ എംപിമാരും എംഎൽഎമാരുമല്ല; ജനങ്ങളോട് ഉത്തരവാദിത്വമുള്ള, കാര്യക്ഷമമായി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും ഭരണസംവിധാനവുമാണ്.
ജനാധിപത്യത്തെ ശക്തിപ്പെടുത്താനെന്ന പേരിൽ ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്ന ഈ നീക്കം പുനഃപരിശോധിക്കണം. സർക്കാർ മുന്നോട്ടുവച്ച 132-ാം ഭരണഘടനാ ഭേദഗതി ബിൽ പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യണം.