Kerala

പാലാ ഐ എം എ യുടെ അവയവ ദാന പരിപാടി അനുകരണീയം :ഡോ. ജിജി തോംസൺ ഐ.എ.എസ്.ഐ എം എ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

Posted on

പാലാ:ഐ എം എ പാലായുടെ അവയവ ദാന പരിപാടി അനുകരണീയമായ മാതൃകയാണെന്ന് കേരള മുൻ ചീഫ് സെക്രട്ടറിയും ഭാവിക ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറുമായ ഡോ. ജിജി തോംസൺ ഐ.എ.എസ് അഭിപ്രായപ്പെട്ടു.ഐ എം എ  യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .പാലായ്ക്കു മാത്രമല്ല പൊതു സമൂഹത്തിനാകെ മാതൃകയാണ് ഈ കാമ്പയിൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ജീവൻ പകരാം, മരണത്തിനപ്പുറവും എന്ന സന്ദേശമുയർത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പാലാ ശാഖയുടെ പുതിയ ഭരണസമിതി അവയവദാന രജിസ്ട്രേഷൻ പദ്ധതിക്ക് തുടക്കമിട്ടു . 2026–27 വർഷത്തെ ഭാരവാഹികളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയിൽ ഇതിനകം നൂറ് ഡോക്ടർമാർ അവയവദാനത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട് .. പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് തന്നെ ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത് ഐ.എം.എ. പാലായുടെ സാമൂഹിക പ്രതിബദ്ധതയുടെ ശ്രദ്ധേയമായ മാതൃകയാണ്. അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുക, പൊതുസമൂഹത്തിൽ അവബോധം വളർത്തുക, കൂടുതൽ ആളുകളെ അവയവദാനത്തിന് പ്രേരിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. അവയവദാനത്തിനായി കാത്തിരിക്കുന്ന അനേകം രോഗികൾക്ക് പുതുജീവിതത്തിന്റെ പ്രതീക്ഷ പകരുന്ന ഈ ഉദ്യമത്തിൽ ഡോക്ടർമാർ തന്നെ മുന്നിട്ടിറങ്ങുന്നത് സമൂഹത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നത്.

ഐ.എം.എ. പാലായുടെ 47-ാമത് വാർഷിക പൊതുയോഗവും 2026–27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പാലാ ഐ.എം.എ. ഹൗസിൽ നടന്നു. ചടങ്ങിൽ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അവയവദാന സമ്മതപത്ര രജിസ്ട്രേഷൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു. കേരള മുൻ ചീഫ് സെക്രട്ടറിയും ഭാവിക ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറുമായ ഡോ. ജിജി തോംസൺ ഐ.എ.എസ്. മുഖ്യാതിഥിയായിരുന്നു. ഐ.എം.എ. മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. റോയ് എബ്രഹാം കള്ളിവയലിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് നേതൃത്വം നൽകി . ഐ.എം.എ. കേരള സംസ്ഥാന ഘടകം നിയുക്ത പ്രസിഡന്റ് ഡോ. ഗോപികുമാർ പി. വിശിഷ്ടാതിഥിയായിരുന്നു

2026–27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഡോ. ടിജിസ് മാത്യു തോമസ് പ്രസിഡന്റായും ഡോ. പോൾ ബാബു സെക്രട്ടറിയായും ഡോ. ജോബിൻ ജേക്കബ് മാത്യു ട്രഷററായും ചുമതലയേറ്റെടുത്തു . ഐ.എം.എ. പാലാ പ്രസിഡന്റ് ഡോ. സോം വർഗീസ് തോമസ്, സെക്രട്ടറി ഡോ. സാം മാത്യു, ട്രഷറർ ഡോ. മാത്യു ജോർജ്, ഐ.എം.എ. കേരള ഹെൽത്ത് സ്കീം വൈസ് ചെയർപേഴ്സൺ ഡോ. സിറിയക് തോമസ്, ഡോ. ജോസ് കൊക്കാട്ട് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.യോഗത്തിൽ ഡോക്ടർ സോം വി തോമസ് ;ഡോക്ടർ ദിവ്യ ആൻ തോമസ് ;ഡോക്ടർ സിറിയക് തോമസ് ;ഡോക്ടർ സാം മാത്യു ;ഡോക്ടർ ജോസ് കുരുവിള കോക്കാട്ട് ;ഡോക്ടർ അലക്സ് ബേബി ഓലിക്കൽ ;ഡോക്ടർ റ്റിജിസ് മാത്യു തോമസ് ;ഡോക്ടർ ജോർജ് എഫ് മൂലയിൽ ;ഡോക്ടർ പി ഗോപി കുമാർ ;ഡോക്ടർ അനൂപ ബെന്നി ;ഡോക്ടർ ജി ഹരീഷ് കുമാർ ;ഡോക്ടർ പോൾ  ബാബു എന്നിവർ പ്രസംഗിച്ചു .

പുതിയ ഭരണസമിതിയുടെ ആദ്യ സാമൂഹിക സേവന സംരംഭമായി ആരംഭിക്കുന്ന അവയവദാന പദ്ധതി വരും വർഷങ്ങളിൽ കൂടുതൽ ഡോക്ടർമാരെയും പൊതുജനങ്ങളെയും പങ്കാളികളാക്കി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വൈദ്യസേവനത്തിനപ്പുറം മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ സംരംഭം പാലായ്ക്ക് അഭിമാനകരമായ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version