Kerala

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ.

Posted on


തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ.

രേഖകളിൽ മരുന്ന് സ്റ്റോക്കുണ്ടെന്ന കണക്കുകൾക്കപ്പുറം, രോഗികൾക്ക് ആവശ്യമായ മരുന്നുകൾ യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

മരുന്നുകളുടെ സ്റ്റോക്ക് മുൻകൂട്ടി വിലയിരുത്തി ക്ഷാമസാധ്യത കണ്ടെത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ സമയബന്ധിതമായി നടത്തുന്നതിനുമാണ് സംവിധാനം. ആശുപത്രികളിലെ യഥാർഥ സ്റ്റോക്ക്, രോഗികളുടെ എണ്ണം, മരുന്നുകളുടെ ഉപയോഗം, വരും ദിവസങ്ങളിലെ ആവശ്യം, വിതരണത്തിലെ കാലതാമസം എന്നിവ പരിശോധിക്കും.

ഇതിനായി ജില്ലാ തല സമിതികൾ രൂപീകരിക്കും. ആശുപത്രികളിലെ ഫാർമസികളിലും സ്റ്റോറുകളിലും സമിതികൾ നേരിട്ട് പരിശോധന നടത്തും. ഒരു ആശുപത്രിയിൽ അധികമായി ലഭ്യമായ മരുന്നുകൾ ആവശ്യമായ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നൽകുന്നതിനും സമിതികൾ ഇടപെടും. നിലവിലുള്ള ചട്ടങ്ങൾ പാലിച്ചായിരിക്കും മരുന്നുകളുടെ പുനർവിതരണം.

ഓരോ ആഴ്ചയും നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കും. ജില്ലാ ജനറൽ ആശുപത്രികൾ വരെയുള്ള റിപ്പോർട്ടുകൾ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ കോളേജുകളിലെ റിപ്പോർട്ടുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും സമർപ്പിക്കും.
മരുന്നുകളുടെ ലഭ്യത, ക്ഷാമത്തിന്റെ കാരണങ്ങൾ, കെ.എം.എസ്.സി.എൽ. വഴി ലഭിക്കാനുള്ള മരുന്നുകളുടെ വിവരങ്ങൾ, സ്വീകരിച്ച പരിഹാര നടപടികൾ എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

ഗുരുതരമായ മരുന്നുക്ഷാമം കണ്ടെത്തുന്ന സാഹചര്യത്തിൽ പ്രതിവാര റിപ്പോർട്ടിനായി കാത്തിരിക്കാതെ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വീഴ്ചയ്ക്ക് ഉത്തരവാദിത്തം പരസ്പരം കൈമാറുന്ന സാഹചര്യം ഒഴിവാക്കി, വീഴ്ച സംഭവിച്ച ഇടം കണ്ടെത്തി ഉടൻ പരിഹരിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version