India

ഹിന്ദിയെ കടക്ക് പുറത്ത് :തമിഴ്‌നാട്ടിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവച്ചു

Posted on

   

 

തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകൾ ഉപയോഗിച്ച സംഭവത്തിൽ ഇടപെട്ട് ടിവികെ സർക്കാർ. കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവെച്ചുവെന്ന് ആരോഗ്യ മന്ത്രി കെ ജി അരുൺരാജ് അറിയിച്ചു. ആശുപത്രികളിൽ ഹിന്ദിയിൽ എഴുത്തുള്ള മരുന്ന് കവറുകൾ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സർക്കാരിൻ്റെ ഇടപെടൽ.

നേരത്തെ സംസ്ഥാന ഹൈവേയിലെ സൈൻബോർഡിൽ ഹിന്ദി ഉൾപ്പെടുത്തിയ സംഭവം വിവാദമായതിനെ തുടർന്ന് ടിവികെ സർക്കാർ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സൈൻബോർഡിൽ നിന്ന് ഹിന്ദിയിലുള്ള എഴുത്ത് മായ്ച്ചുകളയുകയും ചെയ്തിരുന്നു.

കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ എഴുത്തുള്ള മരുന്ന് കവറുകൾ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ടി ആർ ബി രാജാ ആണ് രംഗത്തെത്തിയിരുന്നത്. മരുന്ന് കവറുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ടി ആർ ബി രാജാ, സർക്കാർ ആശുപത്രികളിൽ ത്രിഭാഷാ നയം നടപ്പിലാക്കിയോ എന്നും ചോദിച്ചിരുന്നു.

ഇത് കണ്ടാൽ ത്രിഭാഷാ നയം സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കിയെന്ന് തോന്നുമെന്നും ആദ്യം കരൂരിലെ ആശുപത്രിയിലാണ് മൂന്ന് ഭാഷകളിൽ എഴുത്തുള്ള ഗുളിക കവർ ഉപയോഗിച്ചതെന്നും സമാന സാഹചര്യം കോയമ്പത്തൂരിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ നേതാവിൻ്റെ വിമർശനത്തോട് പ്രതികരിച്ച ആരോഗ്യമന്ത്രി കെ ജി അരുൺരാജ്, ഡിഎംകെ സർക്കാരിൻ്റെ കാലത്ത് അച്ചടിച്ച കവറുകളാണിതെന്നും നിലവിലെ സർക്കാർ കവറുകളുടെ രൂപകൽപ്പനയിലോ ഭാഷയിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version