Kerala
പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്‌ണനെതിരെ പരാതി
പാതിവില തട്ടിപ്പിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണനെതിരെ പോലീസിൽ പരാതി. ആലുവ എടത്തല പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്. എടത്തല സ്വദേശി ഗീത സോമനാഥ് ആണ് പരാതി നൽകിയിരിക്കുന്നത്. എ എൻ രാധാകൃഷ്ണൻ പണം വാങ്ങി കബളിപ്പിച്ചതായി ഗീത പറഞ്ഞു.
ആലുവ എടത്തലയിൽ വെച്ച് 2024 മാർച്ച് 10ന് ആണ് പണം നൽകിയത്. എന്നാൽ ഇപ്പോൾ വിളിക്കുമ്പോൾ ഫോൺ പോലും എടുക്കുന്നില്ല. പരാതി നൽകിയ ശേഷം ഒത്തു തീർപ്പിനായി ബിജെപി നേതാക്കൾ വിളിക്കുന്നുണ്ടെന്നും ഗീത പറഞ്ഞു.
അനന്തു കൃഷ്‌ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തിയതായി അനന്തുകൃഷ്‌ണന്റെ മൊഴിയുണ്ട്. അനന്തുവിന്റെ ജീവനക്കാരും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ട്. പദ്ധതിയുടെ തുടക്കംമുതൽ അനന്തു കൃഷ്‌ണനുമായി രാധാകൃഷ്‌ണൻ സഹകരിച്ചിരുന്നു.