Kerala

ഉറങ്ങിപ്പോയ യാത്രക്കാരൻ്റെ മാല കവർന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Posted on

ഓട്ടോയിൽ ഉറങ്ങിപ്പോയ യാത്രക്കാരൻ്റെ സ്വർണ്ണമാല കവർന്ന ഓട്ടോ ഡ്രൈവറെ മാഹി എസ്.ഐ. കെ.സി. അജയകുമാർ അറസ്റ്റ് ചെയ്തു. ഈ ഓട്ടോയിൽ യാത്ര ചെയ്ത തലശ്ശേരി നെട്ടൂർ സ്വദേശി ചാലിൽ ഹൗസിൽ ധനേഷാണ്(40) പരാതി ക്കാരൻ. മാഹി പൂഴിത്തല സ്വദേശിയായ ഓട്ടോ ഡ്രൈവർ സുരേന്ദ്രൻ സുരനാ (45) ണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏപ്രിൽ 20 നായിരുന്നു സംഭവം. ധനേഷ് മാഹി പൂഴിത്തലയിൽ നിന്ന് സുരേന്ദ്രൻ്റെ ഓട്ടോയിൽ മടപ്പള്ളിയിലെ ഭാര്യ വീട്ടിലേക്ക് യാത്ര പോകുകയായിരുന്നു. ഓട്ടോയിൽ കയറിയ ഉടനെ ഇയാൾ മയങ്ങിപ്പോയിരുന്നു. ഇതിനിടെ ധനേഷ് അണിഞ്ഞിരുന്ന മാല ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു – മയങ്ങിക്കിടന്ന യാത്രക്കാരനുമായി ഓട്ടോ പൂഴിത്തലയിലെ ശ്മശാന റോഡിലേക്ക് ഓടിച്ച് പോയി – ഈ സ്ഥലത്ത് ഓട്ടോ നിറുത്തി മാല കവരുകയായിരുന്നു. പിന്നീട് ഓട്ടോ മടപ്പള്ളിയിലേക്ക് തിരിച്ച് വിട്ട് ധനേഷിനെ അവിടെ ഇറക്കിവിട്ടു മാഹിയിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ധരിച്ച ഒരു പവൻ തൂക്കമുള്ള മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽ പ്പെട്ടത്. ഉടൻ മാഹിയിലെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.

മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. പൂഴിത്തല ഭാഗത്തെ സി സി ടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചു.തുടർന്ന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടാഴ്‌ച്ച യാവുമ്പോഴേക്കും ശനിയാഴ്ച്ച ഉച്ചയോടെ ഓട്ടോ തൊഴിലിൽ ഏർപ്പെട്ട പ്രതിയെ അഴിയൂർ ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version