India
ഗോവ അയൺമാൻ 70.3 ചലഞ്ചിൽ മിന്നും നേട്ടവുമായി പാലാ സ്വദേശി ഡോ. അജയ് ജോസഫ് ; മലയാളി താരങ്ങളിൽ പ്രായവിഭാഗത്തിൽ ഒന്നാമൻ
ഗോവ അയൺമാൻ 70.3 ചലഞ്ചിൽ മിന്നും നേട്ടവുമായി പാലാ സ്വദേശി ഡോ. അജയ് ജോസഫ് ; മലയാളി താരങ്ങളിൽ പ്രായവിഭാഗത്തിൽ ഒന്നാമൻ
ആറു മണിക്കൂർ ഏഴ് മിനിറ്റിൽ നീന്തലും സൈക്ലിങ്ങും ഓട്ടവും പൂർത്തിയാക്കി; അയൺമാൻ 70.3 വിജയകരമായി പൂർത്തിയാക്കിയ ആദ്യ മലയാളി ന്യൂറോളജിസ്റ്റ്
തൊടുപുഴ- മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ന്യൂറോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. അജയ്, തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ലക്ഷ്യബോധത്തോടെയും അച്ചടക്കത്തോടെയും വർഷങ്ങൾ നീണ്ട പരിശീലനത്തിന്റെ ഫലമായാണ് ഈ നേട്ടത്തിലെത്തിയത്. ജോലിത്തിരക്കുകൾക്കിടയിലും മിക്കവാറും എല്ലാ ദിവസവും പരിശീലനത്തിനായി സമയം കണ്ടെത്തിയ അദ്ദേഹം, മനക്കരുത്തും ശാരീരികക്ഷമതയും ഒരുപോലെ ആവശ്യപ്പെടുന്ന ഈ വെല്ലുവിളിയെ വിജയകരമായി അതിജീവിക്കുകയായിരുന്നു.
*മൂന്ന് കായിക ഇനങ്ങൾ, ഒരൊറ്റ ലക്ഷ്യം*
സഹനശേഷിയുടെയും ആത്മസമർപ്പണത്തിന്റെയും കഠിന പരീക്ഷണമായ അയൺമാൻ 70.3 മത്സരത്തിൽ 1.9 കിലോമീറ്റർ കടലിലൂടെയുള്ള നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവ തുടർച്ചയായി പൂർത്തിയാക്കണം.
മൂന്ന് ഇനങ്ങളിലുമായി ആകെ 113 കിലോമീറ്റർ ദൂരം പിന്നിട്ട് ആറു മണിക്കൂർ ഏഴ് മിനിറ്റിനുള്ളിൽ ഫിനിഷിങ് ലൈൻ കടന്ന ഡോ. അജയ് ജോസെഫിന്റെ പ്രകടനം ശ്രദ്ധേയമാണ്.
*രാജ്യാതിർത്തികൾ കടന്ന മത്സരവേദി*
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര കായികമാമാങ്കമാണ് ഗോവയിലെ അയൺമാൻ 70.3. 30 ഓളം രാജ്യങ്ങളിൽ നിന്നായി 2,000-ഓളം മത്സരാർഥികൾ പങ്കെടുത്തു.
പാലാ ചേർപ്പുങ്കൾ വടക്കേകുറ്റ് ജോസഫ് സാറിന്റെയും റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ മേരിയുടെയും മകനാണ് അദ്ദേഹം.
പാലാ മുൻസിപ്പാലിറ്റി മുൻ ചെയർമാൻ ശ്രീ. തോമസ് പീറ്ററിന്റെയും മുൻ കൗൺസിലർ ആയ സിബിൽ തോമസിന്റെയും മകൾ റേഡിയോളജിസ്റ്റായ ഡോ. ദിവ്യ(കെയർ ഡയഗ്നോസ്റ്റിക് സെന്റർ പാലാ ) ആണ് അജയുടെ ഭാര്യ.മക്കൾ – ഹസായേൽ, കേലെബ്.