Kerala
ജി സുധാകരനെതിരെ വീടിന് മുന്നിൽ പ്രതിഷേധ ബാനർ
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനർ. കുലംകുത്തിയെന്നും വർഗവഞ്ചകനെന്നും അധിക്ഷേപിച്ചുകൊണ്ടുമാണ് ബാനർ. ‘കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും’ എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് ജി സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. അതേസമയം യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.