Kerala
ജി സുധാകരന്റെത് ചെറ്റത്തരം; കെ സുധാകരന്റെത് നല്ല സമീപനം; പിണറായി വിജയൻ
കൊച്ചി: പാര്‍ട്ടി വിട്ട ജി സുധാകരന് കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ നിഘണ്ടുവില്‍ അതിന് പകരം മറ്റൊരുവാക്കില്ല. അദ്ദേഹം കാണിച്ചത് വഞ്ചനയാണെന്നും പിണറായി വിജയന് പറഞ്ഞു.
മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു സുധാകരനെതിരെ പിണറായിയുടെ രൂക്ഷവിമര്‍ശനം. കെ സുധാകരന് സ്വീകരിച്ച പാര്‍ട്ടിക്ക് വിധേയനായ രീതി നല്ലതാണെന്നും തളിപ്പറമ്പില്‍ പികെ ശ്യാമള നല്ല സ്ഥാനാര്‍ഥിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പലരും രണ്ട് ടേമിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അതില്‍ ഒരാളാണ് സുധാകരന്. അദ്ദേഹത്തിന് എന്തോ പ്രത്യേകത ഉണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. പാര്‍ട്ടിക്ക് എല്ലാവരും സമന്മാരാണ്. പാര്‍ട്ടിക്ക് മുന്‍ഗണന നല്കുന്ന കാര്യത്തില്‍ കെ സുധാകരന് സ്വീകരിച്ചതാണ് നല്ല നിലപാട്. ഹൈക്കമാന്‍ഡ് തീരൂമാനം അദ്ദേഹം അംഗീകരിച്ചു. സ്ഥാനാര്‍ഥിത്വം കിട്ടാത്തതുമായി പല അഭ്യൂഹങ്ങളും നാട്ടില്‍ പരന്നെങ്കിലും താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്ന് അദ്ദേഹം പറഞ്ഞു. അത് നല്ലകാര്യമാണ്. അതാണ് പാര്ട്ടിക്കാര് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.