Kerala
എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിൽ ആയി.
വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആണ് ശുചിമുറിയിൽ നിന്ന് യാത്രക്കാരനായ ഇയാൾ പിടിയിൽ ആയത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷം ഇയാളെ വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടന്നത്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ആകാശത്ത് വെച്ചാണ് സംഭവം. യാത്രക്കിടെ ശുചിമുറിയിൽ കയറിയ കൊല്ലം സ്വദേശി കൈയ്യിലുണ്ടായിരുന്ന ലൈറ്ററും സിഗരറ്റും പുറത്തെടുത്തു. സിഗററ്റ് കത്തിക്കാൻ ലൈറ്റർ കൊളുത്തിയതും വിമാനത്തിനുള്ളിൽ അപായ മുന്നറിയിപ്പ് ശബ്ദം മുഴങ്ങി.