Kerala

യുദ്ധത്തെ വിമര്‍ശിച്ച് പോസ്റ്റ്; പിന്നാലെ സൈബര്‍ ആക്രമണം; പൂന്താനത്തിന്റെ വരികള്‍ ഓര്‍മിപ്പിച്ച് ശാരദക്കുട്ടി

Posted on

കൊച്ചി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിരിക്കെ ഇന്ത്യ നടത്തുന്ന പ്രത്യാക്രമണങ്ങളെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാൾക്ക് അതേ ശക്തിയിൽ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാൽ ആവേശമോ അഭിമാനമോ തോന്നില്ലെന്ന് ശാരദക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് തന്‍റെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് തന്‍റെ സിരകളിൽ ചോര പതയ്ക്കുകയെന്നും ശാരദക്കുട്ടി പറഞ്ഞു. തൻ്റെ വീടിനൊരാൾ കല്ലെറിഞ്ഞിട്ടു പോയാൽ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല താൻ ആലോചിക്കുക. സമാധാനത്തോളം വലുതല്ല മറ്റൊന്നും. അത് മറ്റൊരാളെ തിരിച്ചു തല്ലിയാൽ കിട്ടുന്നതല്ല. അശക്തരെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണേ എന്നതിലും വലിയ പ്രാർത്ഥനയില്ല എന്നു പറഞ്ഞാണ് ശാരദക്കുട്ടി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ശാരദക്കുട്ടി പങ്കുവെച്ച പോസ്റ്റിന് താഴെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ‘സ്വന്തം മകളുടെ ഭർത്താവിനെയാണ് ഭീകരർ കൊന്നതെങ്കിൽ ഇങ്ങനെതന്നെ പറയുമോ ‘ എന്നടക്കം കമന്റുകൾ പോസ്റ്റിന് താഴെ നിറഞ്ഞു. ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റും ശാരദക്കുട്ടി പങ്കുവെച്ചു. ഒരു ചോദ്യവും ഉത്തരവും എന്ന നിലയിലാണ് പോസ്റ്റ്. ഭീഷണികൾ ഉയർന്നിട്ടും യുദ്ധത്തെ എതിർക്കുന്ന പോസ്റ്റ് എന്തുകൊണ്ട് പിൻവലിച്ചില്ല എന്നതാണ് ചോദ്യം.

ഇതിന് ‘രാജ്യത്തെ മാത്രമല്ല, ലോകത്തെ പ്രതികൂലമായി ബാധിക്കുന്നതെന്തും എൻ്റെ വീടിനെ ബാധിക്കുന്നതു പോലെ എന്നെ ഭയപ്പെടുത്തുമ്പോൾ മിണ്ടാതിരിക്കാനാകാത്തതു കൊണ്ട്’ എന്നാണ് ശാരദക്കുട്ടി നൽകിയ മറുപടി. ‘ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ ചത്തുപോകുന്നു പാവം ചിലർ’ എന്ന പൂന്താനത്തിന്റെ വരികളും ശാരദക്കുട്ടി ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version