Kerala
യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, ഭർത്താവ് മദ്യപിച്ച് നിരന്തരം മർദിച്ചിരുന്നു; ഷിംനയുടെ മരണത്തിൽ കുടുംബം
കോഴിക്കോട്: മാറാട് ഷിംന(31)യെന്ന യുവതിയെ ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് യുവതിയുടെ അമ്മാവൻ രാജു. ഷിംനയെ ഭർത്താവ് മദ്യപിച്ച് നിരന്തരം മർദിച്ചിരുന്നെന്ന് രാജു പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കങ്ങളുണ്ടായി. പലതവണ ബന്ധം ഉപേക്ഷിക്കാൻ ഷിംനയോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് മർദനം ഉണ്ടായപ്പോള്‍ പോലീസില്‍ പരാതി നല്‍കാൻ പറഞ്ഞെങ്കിലും ഷിംന സമ്മതിച്ചില്ലെന്നും രാജു പറഞ്ഞു. ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ മുൻപും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അന്ന് കുറച്ച് ദിവസം വീട്ടില്‍ വന്നിരുന്നു. പിന്നീട് ഷിംന തന്നെ ഭർത്താവുമായി സംസാരിച്ച് ഭർതൃവീട്ടിലേക്ക് തിരികെ പോയെന്നും രാജു കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാത്രിയാണ് ഷിംന ജീവനൊടുക്കിയത് എന്നാണ് വിവരം. രാത്രി 8.30 ഓടെ നാട്ടുകാരാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബ വഴക്കിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.