Kerala

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 2;3;4;5തീയതികളിൽ തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ

Posted on

 

ഈരാറ്റുപേട്ട. ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 2, 3, 4, 5 തീയതികളിൽ തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കും. ഉപജില്ലയിലെ 76 സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർഥികൾ നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.

എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് പുറമെ സംസ്കൃതം, അറബിക് കലോത്സവങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സമാന്തര വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

നവംബർ 2 തിങ്കളാഴ്ച രാവിലെ 8.45ന് ഈരാറ്റുപേട്ട എ.ഇ.ഒ ഇൻചാർജ് സിസി പൈകടയിൽ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. ആദ്യദിനം ചിത്രരചന, രചനാ മത്സരങ്ങൾ, സാംസ്കാരിക മത്സരങ്ങൾ എന്നിവ നടക്കും.

ഔദ്യോഗിക ഉദ്ഘാടനം നവംബർ 3 ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ ഹാളിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ നിർവഹിക്കും. സെന്റ് മേരീസ് എച്ച്.എസ്.എസ് മാനേജർ ഫാ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

നവംബർ 3, 4 തീയതികളിൽ വിവിധ വേദികളിലായി ക്ലാസിക്കൽ നൃത്തങ്ങൾ, നാടോടിനൃത്തം, സംഗീതം, നാടകം, ഒപ്പന ,മിമിക്രി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും. നവംബർ 5ന് മാർഗംകളി, തിരുവാതിര, പരിചമുട്ട്, ചവിട്ടുനാടകം തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങൾ നടക്കും.

അന്നേ ദിവസം വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. പാലാ എം.എൽ.എ മാണി സി. കാപ്പൻ മുഖ്യപ്രഭാഷണം നടത്തുകയും വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അനുമോദന പ്രസംഗം നടത്തും.പൂർണമായും ഹരിതചട്ടം പാലിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version