Kerala

എമ്പുരാൻ വെറും എമ്പോക്കിത്തരം; രൂക്ഷ വിമർശനവുമായി ആർ ശ്രീലേഖ

Posted on

എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. ചിത്രം സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നത്. ചിത്രത്തിൽ ഉടനീളം വയലൻസും കൊലപാതകങ്ങളുമാണ്. അതിനാൽ കുട്ടികൾ ഈ സിനിമ കാണരുത്.

മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്ന് മനസ്സിലാകുന്നില്ല. ബിജെപി കേരളത്തില്‍ വന്നാൽ വലിയ നാശം സംഭവിക്കുമെന്നും ആയുധ ഇടപാടുകളും സ്വർണക്കടത്തും കൊലയും ചെയ്യുന്ന അധോലോക നായകന് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നുമാണ് സിനിമ പറയുന്നതെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഹൈപ്പോടെ റിലീസ് ചെയ്ത സിനിമയാണ് എമ്പുരാൻ. താൻ ആ ചിത്രം കാണേണ്ട എന്ന് കരുതിയിരുന്നതാണ്. കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിലൂടെ ഇറങ്ങി പോയാലോ എന്ന് പലവട്ടം തോന്നുകയും ചെയ്തു. ‘മാർക്കോ’ എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ പലരും പ്രതിഷേധിച്ചത് ആ സിനിമയിലെ വയലൻസ് ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാൽ അത്രത്തോളം വയലൻസ് ഈ സിനിമയിലും ഉടനീളമുണ്ട്. എന്നിട്ടും ഇതിനെക്കുറിച്ച് ആരും കാര്യമായിട്ട് പറയുന്നത് കേട്ടില്ല എന്ന് ശ്രീലേഖ പറഞ്ഞു. കുറച്ചു നാളുകളായി സിനിമയിലെ നായകന്മാര്‍ വലിയ വില്ലന്മാരും കൊലയാളികളും അധോലോക നായകന്മാരുമായി, അതിനെ മഹത്വവൽക്കരിക്കുന്ന രീതിയിൽ സിനിമ എടുക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. മലയാള സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നടന്മാരിൽ ഒരാളായിരുന്നു മോഹൻലാൽ. ആയിരുന്നു എന്ന് പറയുവാൻ കാരണം എമ്പുരാൻ മാത്രമല്ല, അതിനു മുമ്പ് ഇറങ്ങിയിട്ടുള്ള പല സിനിമകളും തനിക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെന്നും ശ്രീലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version