India
ബംഗാളിൽ വീണ്ടും തൃണമൂൽ – ബിജെപി പോര്
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബംഗാളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ ചൊല്ലി തൃണമൂൽ കോൺഗ്രസ്-ബിജെപി പോര് കനക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് തൃണമൂൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്.
കേന്ദ്ര ഏജൻസി തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) പാർട്ടി രേഖകൾ മോഷ്ടിച്ചതായി ആരോപിച്ച് റെയ്ഡിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. പാർട്ടി വിവരങ്ങൾ അടങ്ങിയ പ്രധാന ഫയലുകൾ അനധികൃതമായി ഇഡി കൈയ്യേറിയെന്നാണ് ആരോപണം.