Kerala
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ആശങ്ക ഒഴിയുന്നില്ല. കഴിഞ്ഞ ഏഴുമാസത്തിനിടെ പേ വിഷബാധയേറ്റ 23 പേരും മരിച്ചു. കഴിഞ്ഞമാസം മാത്രം മൂന്നുപേരുടെ ജീവനാണ് നായകൾ എടുത്തത്. തെരുവ് നായകളുടെ കടിയേറ്റ് മരിച്ചവരിൽ അധികവും കുട്ടികൾ ആണ്. തെരുവുനായ ആക്രമണം രൂക്ഷമായിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ എത്തിയിട്ടില്ല. എബിസി ചട്ടം കൊണ്ട് യാതൊരു കാര്യവും ഇല്ല എന്നാണ് സർക്കാർ നിലപാട്.
സുരക്ഷിതമായി ഇരിക്കാമെന്ന് കരുതുന്ന വീടിനുള്ളിലേക്ക് പോലും ചോര കൊതിച്ച് തെരുവ് നായ എത്തുന്ന സ്ഥിതിവിശേഷം നാട്ടിലുണ്ട്. കുട്ടികളും വയോധികരുമാണ് ഏറ്റവും അധികം തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്. ഓരോ ദിവസത്തെയും തെരുവ് നായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരുമ്പോൾ നെഞ്ചുപൊട്ടും.
ഇക്കഴിഞ്ഞ മാസം സംസ്ഥാനത്ത് മൂന്ന് പേർക്ക് പേ വിഷബാധയേറ്റു. അവർ മൂന്ന് പേർക്കും ജീവനും നഷ്ടമായി. ഓരോ മാസവും പേ വിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പേ വിഷ ബാധ സ്ഥിരീകരിക്കുന്നവരിൽ ആരും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നുമില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്തെ പേവിഷബാധ സ്ഥിരികരിച്ചത് 21 പേർക്കാണ്. മുഴുവൻ പേരും മരിച്ചു. രണ്ട് പേർക്ക് പേവിഷബാധ സംശയിച്ചു. അവർക്കും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല