India
ധർമസ്ഥലയെ അപകീർത്തിപ്പെടുത്തുന്നു: കർണാടകയിൽ ഹിന്ദു ആക്ടിവിസ്റ്റുകളുടെയും ബിജെപി അനുകൂലികളുടെയും പ്രതിഷേധം
ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരം ദഹിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന മഞ്ചുനാഥസ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നതിനിടെ ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി തീവ്രഹിന്ദു ആക്ടിവിസ്റ്റുകളും ബിജെപി അനുകൂലികളും രംഗത്ത്. കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ പ്രതിഷേധ റാലികള്‍ നടന്നു.
ചിക്കമംഗളുരുവില്‍ ബിജെപി അനുകൂലികളുടെയും തീവ്രഹിന്ദു ആക്ടിവിസ്റ്റുകളുടെയും പ്രതിഷേധ മാര്‍ച്ച് നടന്നു. രണ്ടായിരത്തിലധികം പേരാണ് താലൂക്ക് ഓഫീസ് മുതല്‍ ആസാദ് പാര്‍ക്ക് വരെ രണ്ടുകിലോമീറ്റര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ഭക്തിഗാനങ്ങള്‍ ആലപിച്ചും ഡ്രംസ് വായിച്ചും സ്ത്രീകളടക്കം പ്രതിഷേധ മാര്‍ച്ചില്‍ പങ്കുചേര്‍ന്നു.
ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താനുളള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്. കൊപ്പലിലും യാദ്ഗിറിലും മൈസുരുവിലും കലബുറഗിയിലും സമാനമായ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.