Kerala
സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി
കണ്ണൂർ: സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. അതേസമയം, സംശയത്തിന്റെ ആനുകൂല്യത്തിൽ നാല് മുതൽ 20 വരെയുള്ള 17 പ്രതികളെ കോടതി വെറുതെ വിട്ടു. ക്രൂരമായ കൊലപാതകമെന്നാണ് സംഭവത്തെ കോടതി നിരീക്ഷിച്ചത്. ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വാദം ഉച്ചയ്ക്ക് ശേഷം കേൾക്കും. അന്തിമ ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു.
കേസിലെ ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതാണ് മറ്റ് പ്രതികളെ വെറുതെ വിടാൻ കാരണം. പ്രജീഷ് സജീവ സിപിഎം പ്രവർത്തകനും പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനുമാണെന്നും മറ്റ് സാക്ഷികളുടെ മൊഴികളുമായി പ്രജീഷിന്റെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. അതേസമയം, കൊല്ലപ്പെട്ട ധൻരാജിന്റെ അമ്മയുടെ സാക്ഷിമൊഴി കോടതി പൂർണമായും വിശ്വാസത്തിലെടുത്തു. പ്രതികളിൽ ചിലരെ തിരിച്ചറിയാൻ അമ്മയ്ക്ക് കഴിയാതിരുന്നത്
സംഭവസമയത്തെ മാനസികാവസ്ഥ പരിഗണിക്കുമ്പോൾ സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന്റെ ഉദ്ദേശ്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും മാധ്യമവാർത്തകളിലൂടെയാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി. വീട്ടിലെ വൈദ്യുത വെളിച്ചത്തിലാണ് സാക്ഷികൾ പ്രതികളെ കണ്ടതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.