India
ദില്ലി സ്ഫോടനം; കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറടക്കം 5 പേരെ തിരിച്ചറിഞ്ഞു
ദില്ലി: ചെങ്കോട്ട പ്രദേശത്ത് നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്.
യുപി സ്വദേശിയായ ദിനേശ് മിശ്ര, ദില്ലിയിൽ തുണിക്കട നടത്തുന്ന അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവർ മോഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി (22), യുപിയിലെ 21 കാരനായ റുമാൻ എന്നിവരാണ് തിരിച്ചറിഞ്ഞത്. ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാനെത്തിയപ്പോഴായിരുന്നു സൈനി ദുരന്തത്തിൽ പെട്ടത്.
കേന്ദ്ര സർക്കാർ ഇതുവരെ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. എങ്കിലും, അനൗദ്യോഗിക വിവരങ്ങൾ പ്രകാരം 13 പേർ വരെ മരണപ്പെട്ടതായി സൂചനയുണ്ട്. മരണസംഖ്യ വർധിക്കാനുള്ള സാധ്യതയും ഉണ്ട്. മുപ്പതിലധികം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സ്ഫോടനത്തിൽ ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയും കത്തിനശിച്ചു. തെളിവ് ശേഖരണത്തിനായി അപകടസ്ഥലം വെള്ള കർട്ടൻ കൊണ്ട് മൂടിയിരിക്കുകയാണ്.